സംസാരിക്കില്ല, കേള്‍ക്കില്ല; വാരാണസിയിൽ നിന്നെത്തിയ ആരാധകനെ ചേർത്തുപിടിച്ച് കാർത്തിക് ആര്യൻ | വീഡിയോ

#Lifestyle Desk
കാർത്തിക് ആര്യൻ ആരാധകനൊപ്പം. വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram video screen grabs
കാർത്തിക് ആര്യൻ ആരാധകനൊപ്പം. വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram video screen grabs

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍. അവരില്‍ പലരും താരത്തെ കാണാന്‍ ആഗ്രഹിക്കുന്നവരും നേരില്‍ കണ്ടവരുമാണ്. അത്തരത്തില്‍ താരത്തെ കാണാനെത്തിയ ഒരു ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണ ആരാധകനല്ല, അല്‍പ്പം സ്‌പെഷ്യലായ ആരാധകനാണ് കാര്‍ത്തികിനെ കാണാനെത്തിയത്. 

സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ആരാധകനാണ് കാര്‍ത്തിക് ആര്യനെ തേടിയെത്തിയത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അങ്ങ് വാരാണസിയില്‍ നിന്നാണ് ഇദ്ദേഹം മുംബൈയിലെത്തിയത്. തന്റെ പ്രിയപ്പെട്ട ആരാധകനെ കണ്ടുമുട്ടിയ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാര്‍ത്തിക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആരാധകനെ കാര്‍ത്തിക് ആര്യന്‍ ചേര്‍ത്തുപിടിക്കുന്നത് വീഡിയോയില്‍ കാണാം.

'നിനക്ക് സംസാരിക്കാന്‍ കഴിയില്ല. പക്ഷേ നിന്റെ മനസിലുള്ളതെല്ലാം എനിക്ക് കേള്‍ക്കാന്‍ കഴിയും, അമൂല്യമായ നിന്റെ ഭാവങ്ങളിലൂടെ. നിനക്ക് കേള്‍ക്കാന്‍ കഴിയില്ല. പക്ഷേ എനിക്കുറപ്പാണ്, എന്റെയുള്ളില്‍ നിന്നോടുള്ള സ്‌നേഹം നീ അറിയുന്നുണ്ടെന്ന്. ഇത്ര പരിശുദ്ധമായ സ്‌നേഹം ലഭിക്കാന്‍ മാത്രം നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടാകും. വാരാണസിയില്‍ നിന്ന് ഈ വഴി മുഴുവന്‍ താണ്ടി എന്നെ കാണാന്‍ വന്നതിന്, എന്റെ ദിവസം ധന്യമാക്കിയതിന് നന്ദി.' -വീഡിയോ പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക് ആര്യന്‍ കുറിച്ചു. 

വീഡിയോ കുറഞ്ഞ സമയം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. രണ്ടരലക്ഷത്തോളം പേരാണ് കാര്‍ത്തിക് ആര്യന്റെ വീഡിയോ ഇതിനകം ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് കമന്റുകളും താഴെ കാണാം. 'ഹൃദയസ്പര്‍ശിയായ വീഡിയോ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന സ്‌നേഹം' എന്ന് മറ്റൊരാള്‍. 'വീഡിയോ കണ്ട് കണ്ണുനിറഞ്ഞു' എന്നാണ് ഇനിയൊരാള്‍ കുറിച്ചത്.

Content Highlights: Emotional Kartik Aaryan meets mute-deaf fan who travelled from Varanasi to meet him | Viral video