ഭക്ഷണം കഴിക്കുന്നതിനിടെ ഒന്ന് തുമ്മിയത് മാത്രമേ ഓർമയുള്ളൂ; കുഴഞ്ഞുവീണതിനെ കുറിച്ച് കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മൂലം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ടെലിവിഷൻ അവതാരകനും വ്‌ളോഗറുമായ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയെന്നും താൻ കുഴഞ്ഞുവീണെന്നും കാർത്തിക് സൂര്യ പറയുന്നു. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് കാർത്തിക് ദുരനുഭവം പങ്കുവെച്ചത്.
രാത്ര ഭക്ഷണം കഴിച്ചപ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഭാര്യ വർഷ മാത്രമാണ് അടുത്തുണ്ടായിരുന്നതെന്നും പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും കാർത്തിക് പറയുന്നു. 'രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.' കാർത്തിക് വീഡിയോയിൽ പറയുന്നു.
വെള്ളമെടുത്ത് തിരിച്ചുവന്നപ്പോഴേക്കും കാർത്തിക് കുഴഞ്ഞുവീണ് കിടക്കുന്നതാണ് താൻ കണ്ടതെന്നും അവിടെയുണ്ടായിരുന്ന ചേട്ടൻമാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വർഷ പറയുന്നു. 'ചേട്ടൻമാർ വന്നപ്പോഴേക്കും ആകെ തളർന്ന അവസ്ഥയിലായിരുന്നു കാർത്തിക് ചേട്ടൻ. കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദിച്ച് തുടങ്ങിയത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു.'-വർഷ പറയുന്നു.
ആശുപത്രിയിലെത്തിയ ശേഷം എക്‌സറേയും എക്കോയുമെല്ലാം എടുത്തു. രക്തം പരിശോധിക്കുകയും ചെയ്തു. തുമ്മന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ച് സമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്‌സിജൻ ഫ്‌ളോ കട്ടായെന്നും അതിനാലാണ് ഛർദ്ദിച്ചതെന്നും അബോധാവസ്ഥയിൽ ആയതെന്നും കാർത്തിക് പറയുന്നു.
'അങ്ങനെ ഒരു അവസ്ഥയിലും സ്‌ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ചുവരുത്തിയതും കാര്യങ്ങൾ ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. ഛർദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്.'-കാർത്തിക് വ്യക്തമാക്കി.
Content Highlights: karthik suryas serious health issue after sneezing