വേര്‍പിരിയാന്‍ കഴിയില്ല, ഉറ്റസുഹൃത്തുക്കളായ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്

സുഹൃത്തുക്കളായിരുന്ന രണ്ട് പേര്‍ പിന്നീട് പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും സിനിമയിലും ജീവിതത്തിലും ഒട്ടേറെ തവണ കണ്ടിട്ടുണ്ട്. എന്നാല്‍, ഉറ്റസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍വെച്ച് ഒരുമിച്ച് വിവാഹം ചെയ്തിരിക്കുകയാണ് ഒരു യുവാവ്. രണ്ടാഴ്ച്ച മുമ്പ് നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 25-കാരന്‍ വസീം ഷെയ്ഖാണ് സുഹൃത്തുക്കളായ ഷിഫ ഷെയ്ഖിനേയും ജന്നത്ത് മഖന്ദറിനേയും ജീവിതപങ്കാളികളാക്കിയത്. ഒക്ടോബര്‍ 16-ന് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എംകെ പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
യുവതികള്‍ ഒരുപോലെയുള്ള വസ്ത്രം ധരിച്ചാണ് വേദിയിലെത്തിയത്. മൂന്നു പേരും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്തോഷത്തോടെ വരവേല്‍ക്കുന്നത് വീഡിയോയില് കാണാം. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.
മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നും കാലക്രമേണ ബന്ധത്തിന്റെ ആഴം കൂടിയതോടെ മൂന്നുപേരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഈ വീഡിയോയ്ക്ക് താഴെ വിവാഹത്തിന്റെ നിയമസാധുതയെ കുറിച്ച് പലരും പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ അനുവദനീയമാണോ എന്നും ചിലര്‍ ചോദിച്ചു. അടുത്തിടെ തെലങ്കാനയിലും ഗുജറാത്തിലും സമാനമായ വിവാഹങ്ങള്‍ നടന്നിരുന്നു.
Content Highlights: karnataka man marries two best friends in same ceremony