'എല്ലാവരും അറിയണം, അതാണ് അതിന്റെയൊരു മര്യാദ'; ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി സ്‌നേഹ

അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടിയും മോഡലുമായ സ്‌നേഹ ബാബു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചത്. 'ആശംസകള്‍ മാത്രം പോരാ' എന്ന ക്യാപ്ഷനോടെയാണ് സ്‌നേഹ വീഡിയോ പോസ്റ്റ് ചെയ്തത്.
'എല്ലാവരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്റെയൊരു മര്യാദ/ എന്ന ഡയലോഗ് ഉപയോഗിച്ചാണ് സ്‌നേഹ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ വീഡിയോക്ക് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'എടാ മോളേ' എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ കമന്റ്. ആര്‍ഷ ബൈജു, ഫെമിന ജോര്‍ജ്, അയ്മ റോസ്മി എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
കരിക്കിന്റെ വെബ് സീരീസിലൂടെയാണ് സ്‌നേഹ ശ്രദ്ധിക്കപ്പെട്ടത്. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഈ സീരീസില്‍ സ്‌നേഹയും അഭിനയിച്ചിരുന്നു. ഇതിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജനുവരി ആദ്യമായിരുന്നു സ്‌നേഹയുടേയും അഖിലിന്റേയും വിവാഹം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് 'കരിക്ക്' ചാനലില്‍ അവസരം ലഭിക്കുന്നത്.
Content Highlights: karikku actor sneha babu reveals pregnancy