കല്യാണത്തിന് മുമ്പേ ഗർഭിണിയായതിന്റെ പേരിൽ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് നടി കല്‍ക്കി കൊച്‌ലിന്‍

ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി കല്‍ക്കി കൊച്‌ലിന്‍. താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ചും പ്രസവാനന്തരം സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം കല്‍ക്കി അടുത്തിടെ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കല്യാണത്തിന് മുമ്പേ ഗർഭിണിയായതിന്റെ പേരിൽ താന്‍ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് താരം.
യൗവനകാലത്ത് വിവാഹം ചെയ്യാന്‍ കുടുംബം തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കല്‍ക്കി പറയുന്നു. എന്നാല്‍ അന്ന് വിവാഹം ചെയ്യണമെന്ന് തനിക്ക് ഒട്ടും തോന്നിയില്ലെന്നും കല്‍ക്കി കൊച്‌ലിന്‍ പറഞ്ഞു. എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്‌ഫോമായ സൂമുമായി നടത്തിയ സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'അതൊരു വലിയ കാര്യമായി എനിക്ക് തോന്നിയില്ല. എന്നാല്‍ അങ്ങനെ കരുതുന്ന ഒട്ടേറെ പേരുണ്ട്. ഞാന്‍ വിവാഹിതയാകാതെ ഗര്‍ഭിണിയായപ്പോള്‍ അതൊരു വലിയ പ്രശ്‌നമായിരുന്നു. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗര്‍ഭിണിയായി?' എന്നെല്ലാമാണ് ആളുകള്‍ ചോദിച്ചത്. അതൊക്കെ 18-ാം നൂറ്റാണ്ടിലെ പ്രയോഗങ്ങളാണ്. നിങ്ങളെന്താ ഷേക്ക്‌സ്പിയറിന്റെ നാടകത്തിലാണോ ഉള്ളത്? എനിക്ക് മനസിലാകുന്നില്ല.' -കല്‍ക്കി പറഞ്ഞു.
'അതെ, ഞാന്‍ എന്റെ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടായി. ഇതെല്ലാം സാധാരണ കാര്യമാണ്. ഞങ്ങള്‍ ലിവിങ് ടുഗെദറാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ഉറങ്ങാറ്. അപ്പൊ ഇതെല്ലാം സംഭവിക്കും. ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് കരുതുന്നൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.' -കല്‍ക്കി തുടര്‍ന്നു.
2019-ലാണ് താന്‍ ഗര്‍ഭിണിയാണെന്ന് കല്‍ക്കി കൊച്‌ലിന്‍ അറിയിച്ചത്. ഇസ്രയേലില്‍ നിന്നുള്ള മ്യുസീഷ്യനായ ഗയ് ഹെര്‍ഷ്‌ബെര്‍ഗാണ് കല്‍ക്കിയുടെ കാമുകന്‍. 2020-ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. പിന്നീട് 2024-ലാണ് കല്‍ക്കിയും ഗയ് ഹെര്‍ഷ്‌ബെര്‍ഗും വിവാഹിതരായത്. സംവിധായകനും നടനുമായ അനുരാഗ് കശ്യപായിരുന്നു കല്‍ക്കിയുടെ ആദ്യ ഭര്‍ത്താവ്.
Content Highlights: Actor Kalki Koechlin says people shamed her for pregnancy before marriage