‘മകളുമായി മൂന്ന് വർഷം മിണ്ടാതിരുന്നു’; മക്കളെ വളർത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ച് കജോൾ

#Lifestyle desk
കാജോൾ മകൾക്കൊപ്പം, അജയ് ദേവഗണും കാജോളും മക്കൾക്കൊപ്പം| ഫോട്ടോ: Instagram/@Nysa Devgan, kajol
കാജോൾ മകൾക്കൊപ്പം, അജയ് ദേവഗണും കാജോളും മക്കൾക്കൊപ്പം| ഫോട്ടോ: Instagram/@Nysa Devgan, kajol

1992-ൽ ബെഖുദിയിലൂടെ സിനിമയിലെത്തിയ കജോൾ മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിലെ മിന്നും താരമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമകളെക്കുറിച്ചും ജെൻ സി തലമുറയെക്കുറിച്ചും താരം മനസ്സ് തുറന്നു. മകൾ നിസയുമായുള്ള ബന്ധത്തെക്കുറിച്ചും മക്കളെ വളർത്തുന്നതിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും കജോൾ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാണ്. യൂട്യൂബറും ടിവി അവതാരകയുമായ ലില്ലി സിംഗുമായുള്ള അഭിമുഖത്തിലാണ് ജെൻ സിയെ വളർത്തുമ്പോഴുള്ള തന്റെ അനുഭവങ്ങൾ കാജോൾ പങ്കുവെച്ചത്. 

2003-ലാണ് കജോളിന് മകൾ നിസ ജനിക്കുന്നത്. പെൺകുട്ടികളുടെ ജീവിതത്തിലെ സങ്കീർണ്ണതകളെക്കുറിച്ച് സംസാരിക്കുമ്പോൾ, താൻ മകളോട് കാര്യങ്ങൾ ചോദിച്ചറിയാറുണ്ടെന്നും അവൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ ശ്രമിക്കാറുണ്ടെന്നും കജോൾ പറയുന്നു.

എന്നാൽ മകളുമായുള്ള ബന്ധം എപ്പോഴും സുഗമമായിരുന്നില്ലെന്നും കജോൾ പറയുന്നു. ‘ഞങ്ങൾക്കിടയിൽ ഇന്നുള്ള ഈ സൗഹൃദം ഏറെ പരിശ്രമിച്ച് കെട്ടിപ്പടുത്തതാണ്. അവൾക്ക് 12 വയസ്സുള്ളപ്പോൾ ഹോർമോൺ വ്യതിയാനങ്ങളുടെ ഘട്ടമായിരുന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല പോയിരുന്നത്. ഞങ്ങൾ രണ്ടുപേരും ഒരേപോലെ വാശി പിടിക്കുകയും യുക്തിയില്ലാതെ വഴക്കിടുകയും ചെയ്യുമായിരുന്നു’- കജോൾ പറയുന്നു.

ഒരു ഘട്ടത്തിൽ താൻ കൂടുതൽ പക്വത കാണിക്കണമെന്നും വാശി കുറയ്ക്കണമെന്നും തീരുമാനിച്ചതായി താരം പറയുന്നു. 

‘ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും വലിയ വഴക്കിലായിരുന്നു. പരസ്പരം സംസാരിക്കാനോ കേൾക്കാനോ പോലും തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ആ സാഹചര്യം മാറി. കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. മകൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ തയ്യാറായതാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കുന്നുണ്ട്. 

മക്കളെ വളർത്തുന്ന കാര്യത്തിൽ താൻ പഠിച്ച ഏറ്റവും വലിയ പാഠം മക്കൾ പറയുന്നത് കേൾക്കുക എന്നതാണെന്നും കജോൾ പറഞ്ഞു. 

പഴയ തലമുറയ്ക്ക് ഏത് സാഹചര്യവുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുമെന്നും താരം അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയും ഫോണുകളും ഇല്ലാത്ത കാലത്ത് നിന്ന് പുതിയ സാങ്കേതികവിദ്യകളിലേക്ക് വന്നവരായതുകൊണ്ട് തന്നെ ഏതൊരു പ്രതിസന്ധിയെയും നേരിടാൻ തങ്ങൾക്കാകുമെന്നും കജോൾ തമാശരൂപേണ കൂട്ടിച്ചേർത്തു.

തന്റെ രണ്ട് മക്കളും ഒരേ വിവരങ്ങളെ രണ്ട് രീതിയിലാണ് വിശകലനം ചെയ്യുന്നതെന്നും, പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളേക്കാൾ കൂടുതൽ സമ്മർദ്ദങ്ങൾ നിറഞ്ഞതാണെന്നും പറഞ്ഞുകൊണ്ടാണ് കജോൾ സംഭാഷണം അവസാനിപ്പിച്ചത്.

കജോളും അജയും 1999-ലാണ് വിവാഹിതരായത്. 2003 ഏപ്രിൽ 20-ന് ഇരുവർക്കും മകൾ പിറന്നു. 2010-ലാണ് മകൻ യുഗ് ജനിച്ചത്. 

Content Highlights: Kajol details a 3-year period of intense conflict with daughter Nysa during her teenage years., The importance of active listening in resolving parent-child conflicts.