'ഉഷ എന്റെ അഭിനിവേശം, അവളുടെ ഉയരവും എന്നെ ആകർഷിച്ചു'-ഭാര്യയെ കുറിച്ച് ജെ.ഡി വാൻസ്

വാഷിങ്ടൺ: ഭാര്യ ഉഷാ വാൻസിനെ ആദ്യമായി കണ്ടതും അന്ന് അവരോടു തോന്നിയ ഗാഢസ്‌നേഹവും വിവരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പുതിയ ഓർമ്മക്കുറിപ്പ്. 'കമ്യൂണിയൻ: ഫൈൻഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്' എന്ന പുസ്തകം മതവിശ്വാസത്തെക്കുറിച്ചാണെങ്കിലും ഉഷയോടുള്ള പ്രണയവും അതിൽ വിഷയമാണ്.
സൗന്ദര്യവും ബുദ്ധിവൈഭവവും വിജയത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളോടുള്ള നിർമമതയുമാണ് ഉഷയിലേക്ക് തന്നെ അടുപ്പിച്ചതെന്ന് വാൻസ് പറയുന്നു. യേൽ ലോ സ്‌കൂളിൽ സഹപാഠിയായിരിക്കുമ്പോഴാണ് ഇന്ത്യൻവംശജയായ ഉഷാ ബാല ചിലുകുറിയെ വാൻസ് കണ്ടുമുട്ടിയത്. തനിക്ക് ശരിക്കും അഭിനിവേശം തോന്നിയ ഒരേയൊരു വ്യക്തി ഉഷയാണെന്ന് അദ്ദേഹം പറയുന്നു.
''ഈ പെൺകുട്ടിയെ ഞാൻ വിവാഹം കഴിക്കും. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അവിവാഹിതനായിരിക്കും'' എന്ന് തന്റെ സുഹൃത്തുക്കളോടു പറഞ്ഞുവെന്ന് വാൻസ് എഴുതുന്നു. ഉഷയുടെ ഉയരവും വാൻസിനെ ആകർഷിച്ച ഘടകമാണ്.
ഭാവിയിൽ ആരാകണമെന്നു ചോദിച്ചപ്പോൾ 'സെസെമി വർക്ഷോപ്പി'ന്റെ ഭാഗമാകുകയാണ് സ്വപ്നജോലിയെന്നാണ് ഉഷപറഞ്ഞത്. സുപ്രീംകോടതി ജഡ്ജിയോ യു.എസ്. സെനറ്ററോ ആകാൻ ശേഷിയുള്ളപ്പോഴാണ് ഉഷ ഇതുപറഞ്ഞതെന്നും വാൻസ് എഴുതുന്നു. ലാഭേച്ഛയില്ലാതെ കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ പരിപാടികൾ നിർമിക്കുന്ന യു.എസ്. കമ്പനിയാണ് സെസെമി വർക്ഷോപ്പ്.
2014-ലാണ് ഉഷയും വാൻസും വിവാഹിതരായത്. നാലാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇരുവരും. ദാരിദ്ര്യം നിറഞ്ഞ സ്വന്തം ബാല്യകാലത്തെക്കുറിച്ച് വിവരിക്കുന്ന 'ഹില്ലിബില്ലി എലിജി'യാണ് വാൻസിന്റെ ആദ്യ പുസ്തകം. ഇത് പിന്നീട് ചലച്ചിത്രമായി.
Content Highlights: JD Vance details his first meeting and deep affection for Usha Vance in his new memoir, Communion., The book highlights Usha's intellectual brilliance and unique perspective on professional success., Vance shares his initial realization at Yale Law School that he wanted to marry Usha.,