'ഡിന്നറിന് കഴിക്കാനെന്താണ്?; മത്സരശേഷം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ബുംറ

ജസ്പ്രീത് ബുംറയും സഞ്ജന ഗണേഷനും | Photo: instagram/ sanjana ganesan
ജസ്പ്രീത് ബുംറയും സഞ്ജന ഗണേഷനും | Photo: instagram/ sanjana ganesan

ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ ആവേശ വിജയം സ്വന്തമാക്കിയപ്പോള്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ആ മത്സരത്തിലെ കളിയിലെ താരവും ഇന്ത്യന്‍ പേസ് ബൗളറായിരുന്നു.

ഇതിന് പിന്നാലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തില്‍ ബുംറയോട് ചോദ്യങ്ങള്‍ ചോദിക്കാനെത്തിയത് മറ്റാരുമായിരുന്നില്ല, ഭാര്യ സഞ്ജന ഗണേഷന്‍ ആയിരുന്നു. അവതാരകയായ സഞ്ജന മത്സരത്തെ കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ചോദിച്ചശേഷം 'എത്രയും പെട്ടെന്ന് വീണ്ടും കാണാം' എന്ന് പറഞ്ഞ് അഭിമുഖം അവസാനിപ്പിച്ചു. ഇതിന് ശേഷം ബുംറ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'30 മിനിറ്റിനുള്ളില്‍ കാണാം' എന്നായിരുന്നു ബുംറ പറഞ്ഞത്. ഇതുകേട്ട് ചിരിയടക്കാനാകാതെ 'എന്താണ് ഡിന്നറിന് കഴിക്കാനുള്ളത്' എന്ന് സഞ്ജന തിരിച്ചുചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള രസകരമായ നിമിഷം എന്നാണ് ആരാധകര്‍ ഈ വീഡിയോ പങ്കുവെച്ച് കുറിച്ചത്. 

സ്‌പോര്‍ട്‌സ് അവതാരകയായ സഞ്ജനയും ബുംറയും 2021 മാര്‍ച്ചിലാണ് വിവാഹിതരായത്. 2023 സെപ്റ്റംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അംഗദ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് രണ്ട് മാസം സഞ്ജന ജോലിയില്‍ നിന്ന് മാറിനിന്നിരുന്നു. പിന്നീട് ഏകദിന ക്രിക്കറ്റ് ലോകകപ്പിലൂടെയാണ് അവതാരകയായി തിരിച്ചെത്തിയത്.

Content Highlights: jasprit bumrah and sanjana ganesan on camera husband wife moment is viral