'പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല'; ജാപ്പനീസ് യുവാവ് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 69 ലക്ഷം രൂപ

ഒരു ജോലിയും ചെയ്യാതെ വെറുതേയിരുന്ന് പണം സമ്പാദിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ജോലി കിട്ടണമെന്ന് പലരും ആഗ്രഹിച്ചിട്ടുമുണ്ടാകും. എന്നാല്‍ അത്തരത്തില്‍ ഒരു 'പണി'യുമില്ലാത്ത ജോലി ചെയ്യുന്ന ഒരാള്‍ അങ്ങ് ജപ്പാനിലുണ്ട്.
ഷോജി മൊറിമോട്ടോ എന്ന് പേരുള്ള 41-കാരനാണ് ആ സ്വപ്‌നജോലി ചെയ്യുന്നത്. അദ്ദേഹം കഴിഞ്ഞ വര്‍ഷം സമ്പാദിച്ചതാകട്ടെ 69 ലക്ഷം രൂപയും. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്ക് കൂട്ട് നല്‍കുകയാണ് മൊറിമോട്ടോയുടെ ജോലി. ഇത്തരം ആളുകളോടൊപ്പം കാപ്പി കുടിക്കാന്‍ പോകുകയും അവര്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയും ചെയ്യും. ഇത്തരത്തിലെ ഈ 'വാടകസൗഹൃദ'ത്തിന് അവര്‍ പ്രതിഫലം നല്‍കുകയും ചെയ്യും.
മാരത്തണ്‍ ഓട്ടക്കാര്‍ക്ക് പിന്തുണ നല്‍കി ഫിനിഷിങ് ലൈനില്‍ കാത്തുനില്‍ക്കുക, മുറി വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുമ്പോള്‍ വീഡിയോ കോളിലൂടെ കമ്പനി നല്‍കുക എന്നിവയല്ലാം ജോലിയില്‍ ചിലതാണ്. ഇനി സുഹൃത്തിനൊപ്പം സിനിമയ്‌ക്കോ മറ്റോ പോകാമെന്ന് നിങ്ങള്‍ വാക്കുകൊടുത്തിട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം പോകാനും മൊറിമോട്ടോ തയ്യാറാണ്. ഇങ്ങനെ പോകുമ്പോള്‍ അപരിചിതരോടൊപ്പം ക്യൂ നില്‍ക്കുക, ടിക്കറ്റെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മൊറിമോട്ടോ ചെയ്യും.
കടുത്ത വെയിലില്‍ ക്യൂ നില്‍ക്കുക, തണുപ്പില്‍ മണിക്കൂറുകളോളം നില്‍ക്കുക, അപരിചിതര്‍ മാത്രമുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുക, വലിയ സദസിന് മുന്നില്‍ സ്റ്റേജില്‍ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളും ജോലിയുടെ ഭാഗമായി ചെയ്യാറുണ്ട്.
ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും പങ്കുവെയ്ക്കുമ്പോള്‍ മൊറിമോട്ടോ അത് ക്ഷമയോടെ കേട്ടുനില്‍ക്കും. ചെറിയ ഉത്തരങ്ങളിലൂടെ അവര്‍ക്ക് മറുപടിയും നല്‍കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ 1000 അഭ്യര്‍ഥനകളാണ് ഒരു വര്‍ഷം സ്വീകരിക്കാറുള്ളത്. രണ്ട് മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരേയുള്ള സെഷനില്‍ 5000 രൂപ മുതല്‍ 43000 രൂപ വരെയാണ് ഫീസ്.
2018-ലാണ് മൊറിമോട്ടോയുടെ ജോലി നഷ്ടപ്പെട്ടത്. യാതൊരു പ്രയോജനവുമില്ലെന്ന് പറഞ്ഞ് കമ്പനി പുറത്താക്കുകയായിരുന്നു. ഇതോടെയാണ് പണം സമ്പാദിക്കാന്‍ മൊറിമോട്ടോ പുതിയ വഴി കണ്ടെത്തിയത്.
Content Highlights: japanese man makes 69 lakh per year just by doing nothing