പ്രണയം, ലൈംഗികത: ജപ്പാന്‍കാര്‍ക്കും കൊറിയക്കാര്‍ക്കും സംതൃപ്തി കുറവ്; ഇന്ത്യക്കാര്‍ മുന്നില്‍

സെന്‍ട്രല്‍ ടോക്യോയില്‍നിന്നുള്ള ഒരു ദൃശ്യം |ഫോട്ടോ:AFP
സെന്‍ട്രല്‍ ടോക്യോയില്‍നിന്നുള്ള ഒരു ദൃശ്യം |ഫോട്ടോ:AFP

ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും ജപ്പാന്‍കാരും കൊറിയക്കാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സര്‍വേ. ഒരു ഗവേഷക സ്ഥാപനത്തിന്റെ ആഗോള സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന തോതിൽ ജനസംഖ്യാപരമായ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്.

പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇപ്സോസ് നടത്തിയ 31 രാജ്യങ്ങളിലെ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ച ജപ്പാന്‍കാരില്‍ 37 ശതമാനം പേര്‍ മാത്രമാണ് ലൈംഗികതയിലും പ്രണയത്തിലും സംതൃപ്തി നേടുന്നുവെന്ന് അറിയിച്ചത്. അതേ സമയം ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ മുന്നിലാണെന്നും സര്‍വേ പറയുന്നു. ഇന്ത്യക്കാരും മെക്‌സിക്കോക്കാരും പ്രതികരിച്ചതില്‍ 76 ശതമാനം ആളുകളും സംതൃപ്തരാണെന്ന് പറഞ്ഞു.

ജപ്പാന്‍ കഴിഞ്ഞാല്‍ ലൈംഗികതയിലും പ്രണയ ജീവിതത്തിലും അസംതൃപ്തര്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയയിലാണെന്ന് സര്‍വേ പറയുന്നു. 45 ശതമാനം കൊറിയക്കാര്‍ മാത്രമാണ് ലൈംഗിക സംതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളൂ.

പങ്കാളികളുമായും ഇണകളുമായുമുള്ള ബന്ധത്തിലും ഏറ്റവും കുറഞ്ഞ സംതൃപ്തിക്കാരും ഇതേ രാജ്യങ്ങള്‍ തന്നെയാണ് മുന്നിലുള്ളതെന്ന് സര്‍വേ പറയുന്നു. അതൃപ്തരില്‍ ഒന്നാമത് ദക്ഷിണ കൊറിയ ആണെങ്കില്‍ രണ്ടാം സ്ഥാനത്ത് ജപ്പാന്‍കാരുണ്ട്.

ജീവിതത്തോട് നിങ്ങള്‍ക്ക് എത്രമാത്രം സ്‌നേഹം തോന്നുന്നു എന്ന ചോദ്യത്തിന് 51 ശതമാനം ജാപ്പനീസും അസംതൃപ്തരാണെന്ന പ്രതികരണമാണ് നടത്തിയതെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ തങ്ങളുടെ വികാരങ്ങളും മനോഭാവങ്ങളും പ്രകടിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്താത്ത ജപ്പാന്‍കാരുടെ വ്യക്തിത്വത്തിന്റെ ഭാഗികമായ ഫലമാണ് ഈ അസംതൃപ്തിയെന്നാണ് ഇപ്സോസ് പറയുന്നത്.

അതേസമയം ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന ജപ്പാന്‍ ഇത് മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. രാജ്യത്ത് ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഒന്നാണ് അധികാരികള്‍ ഈ വര്‍ഷം ആദ്യമാരംഭിച്ച ഒരു ഡേറ്റിംഗ് ആപ്പ്.

ജൂണില്‍, ജപ്പാനിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ജനനനിരക്ക് 'ഗുരുതരമായ' നിലയിലാണെന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെ ജനനനിരക്ക് തുടര്‍ച്ചയായ എട്ടാം വര്‍ഷവും റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. അതിനേക്കാള്‍ താഴ്ന്ന ജനനനിരക്കാണ് അയല്‍ രാജ്യമായ ദക്ഷിണ കൊറിയയില്‍. ജപ്പാനില്‍ 1.20 ആണ് ജനന നിരക്കെങ്കില്‍ കൊറിയയില്‍ 0.72 ആണിത്.

Content Highlights: Japanese people -least satisfied with their sex and romantic lives-closely followed by Koreans