ആദ്യം പേടിച്ചു, പിന്നെ പാറ്റകളെ തുരത്തിയപ്പോൾ, സങ്കടവും ഏകാന്തതയും തോന്നി-ജാപ്പനീസ് പ്രധാനമന്ത്രി

കേൾക്കുമ്പോൾ ഇത് സത്യമോ എന്ന് തോന്നുന്ന ഒരു സംഭവമാണ് ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി എക്സിൽ പങ്കുവെച്ചത്.
ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നായ ജപ്പാന്റെ പ്രധാനമന്ത്രിയായി ഇരിക്കുക എന്നത് പുറത്തുനിന്ന് നോക്കുന്നവർക്ക് പ്രൗഢിയുടെ കൊടുമുടിയാണ്. എന്നാൽ, ആ കസേര നൽകുന്ന അധികാരം മാത്രമല്ല വിശ്രമമില്ലാത്ത രാത്രികളും ഏകാന്തതയുമാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് സനെയ് തകൈച്ചി.
ടോക്കിയോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കോതെയ്' പ്രേതബാധയുള്ള ഇടമാണെന്ന കഥകൾ പതിറ്റാണ്ടുകളായി ജപ്പാനിൽ പ്രചാരത്തിലുണ്ട്. എന്നാൽ അവിടെ പ്രേതങ്ങളെയൊന്നും താൻ കണ്ടിട്ടില്ലെങ്കിലും പാറ്റകളെ കണ്ടിട്ടുണ്ട് എന്നും അവർ പോസ്റ്റിൽ കുറിച്ചു.
'ഔദ്യോഗിക വസതിയിൽ പ്രേതങ്ങളെ താങ്കൾ കണ്ടിട്ടുണ്ടോ?' എന്ന ചോദ്യം തകൈച്ചി നിരന്തരം നേരിടാറുള്ള ഒന്നാണ്. എന്നാൽ, ഇതിന് മറുപടിയായി അവർ പറയുന്നത് താൻ ഇതുവരെ ഒരു പ്രേതത്തെയും കണ്ടിട്ടില്ല എന്നാണ്. പക്ഷേ, പ്രേതങ്ങൾക്ക് പകരം താൻ പേടിച്ച് നിലവിളിച്ചത് അപ്രതീക്ഷിതമായി തന്റെ മുന്നിലെത്തിയ ചില 'പാറ്റകളെ' കണ്ടിട്ടാണെന്ന് അവർ തമാശയോടെ തുറന്നുപറയുന്നു.
ഭക്ഷണ അവശിഷ്ടങ്ങൾ കൃത്യമായി മൂടിയ പാത്രങ്ങളിൽ സൂക്ഷിക്കുകയും ഡൈനിംഗ് ടേബിളിന് അടിവശം എന്നും തുടച്ചു വൃത്തിയാക്കുകയും ചെയ്തിട്ടും ഒരു ദിവസം തന്റെ കാലുകൾക്കരുകിലൂടെ പാറ്റ ഓടിപ്പോയത് തകൈച്ചിയെ അമ്പരപ്പിച്ചു. സാധാരണയായി വീട്ടിൽ പാറ്റയെ കണ്ടാൽ അതിനെ തല്ലിക്കൊല്ലാനാണ് എല്ലാവരും മുതിരാറുള്ളത്. എന്നാൽ തകൈച്ചിക്ക് അതിന് കഴിഞ്ഞില്ല! കുട്ടിക്കാലത്ത് താൻ വായിച്ചു ആസ്വദിച്ച ഒസാമു തെസുകയുടെ 'ഫയർബേർഡ്' എന്ന പ്രശസ്തമായ മാംഗ പരമ്പരയാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് അവർ പറയുന്നു.
ജീവജാലങ്ങളുടെ പുനർജന്മത്തെയും ജീവന്റെ ചക്രത്തെയും കുറിച്ച് സംസാരിക്കുന്ന ആ പുസ്തകം ചെറുപ്പത്തിൽ തന്നെ തകൈച്ചിയെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അതിനാൽ തന്നെ വലുതായ ശേഷവും പാറ്റകൾ ഉൾപ്പെടെയുള്ള ഒരു പ്രാണിയെയും കൊല്ലാൻ അവരുടെ മനസ്സ് അനുവദിച്ചില്ല. 'ഒരുപക്ഷേ ഈ പാറ്റയും ജനനമരണങ്ങളുടെ വലിയൊരു ചക്രത്തിന്റെ ഭാഗമായിരിക്കും' എന്ന് കരുതി, അത് സ്വയം പുറത്തുപോയ്ക്കോളും എന്ന പ്രതീക്ഷയിൽ അവർ അത് സഹിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
എന്നാൽ പാറ്റയോടുള്ള ഈ കാരുണ്യം കേട്ട തകൈച്ചിയുടെ സെക്രട്ടറിമാർ ശരിക്കും ഞെട്ടിപ്പോകുകയാണുണ്ടായത്. 'ഇവ ശുചിത്വം നശിപ്പിക്കും, ഞാൻ തന്നെ ഇത് കൈകാര്യം ചെയ്തോളാം' എന്ന് ഉറപ്പിച്ചു പറഞ്ഞ സെക്രട്ടറി ഉടനടി തന്നെ പാറ്റകളെ തുരത്താനുള്ള 'ഓപ്പറേഷൻ കോംബാറ്റ്' പ്ലാൻ ചെയ്തു.സെക്രട്ടറിയുടെ സമയോചിതമായ ഇടപെടലിന് ശേഷം വസതിയിൽ നിന്ന് പാറ്റകൾ പൂർണമായി അപ്രത്യക്ഷമായി. പാറ്റകളിൽ നിന്ന് രക്ഷപ്പെട്ടതിൽ വലിയ ആശ്വാസം തോന്നിയെങ്കിലും, ഉള്ളിന്റെയുള്ളിൽ ചെറിയൊരു സങ്കടവും ഏകാന്തതയും തോന്നിയെന്നാണ് തകൈച്ചി തന്റെ കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് കുറിച്ചത്.
Content Highlights: Japan Prime Minister Sanae Takaichi shared a viral social media post about finding cockroaches in the official residence 'Kotei'., She spared the cockroaches due to childhood inspiration from Osamu Tezuka's 'Firebird' manga series., Her secretary intervened and successfully eliminated the pests, leaving the Prime Minister with a mix of relief and loneliness.