വിവാഹാഘോഷത്തിനിടെ 'ഹാങ്ഓവര്‍' മാറ്റാന്‍ ഡ്രിപ്പ് ഇട്ടിരിക്കുന്ന അതിഥികള്‍; ചര്‍ച്ചയായി വീഡിയോ

വിവാഹം വ്യത്യസ്തമായി നടത്താന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ലക്ഷങ്ങള്‍ പൊടിച്ച് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി വിവാഹം ആഘോഷമാക്കുന്നവരാണ് ഇവരില്‍ ചിലര്‍. അലങ്കാരങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും മുതല്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോക്ക്‌ടെയ്ല്‍ കൗണ്ടറുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ അടുത്തിടെ നടന്ന ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് അല്‍പം കടന്നുപോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. വിവാഹത്തിനെത്തിയ അതിഥികളെല്ലാവരും ഐവി ഡ്രിപ്പുകള്‍ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം.
അതിഥികള്‍ സോഫയില്‍ വിശ്രമിച്ചുകൊണ്ട് വിറ്റാമിന്‍ ഐവി ഇന്‍ഫ്യൂഷനുകളാണ് സ്വീകരിക്കുന്നത്. വൈറലായ ഈ വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പുമുണ്ട്. 'നിങ്ങള്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിലാണ്്. നാരങ്ങാവെള്ളത്തിന് പകരം നീന്തല്‍ക്കുളത്തിനരികെ ഒരു കിടിലന്‍ ഐവി ബാര്‍'. ഇതൊരു 'ലളിതമായ ആശയം' ആണെന്നും 'വിവാഹാനുഭവത്തിന് മൊത്തത്തില്‍ ഒരു വലിയ മാറ്റം' നല്‍കുന്നുവെന്നും ഇത് 2025-ലെ ഒരു ട്രെന്‍ഡായി മാറാമെന്നും കുറിപ്പില്‍ പറയുന്നു.
ഒരുപാട് സമയം നീളുന്ന ആഘോഷത്തില്‍ തളരുന്ന അതിഥികള്‍ക്ക് ഉന്മേഷം നല്‍കാനാണ് ഇത്തരത്തില്‍ ഐവി ഡ്രിപ്പുകള്‍ സ്വീകരിക്കുന്നത്. സാധാരണയായി വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ ഇന്‍ഫ്യൂഷനുകള്‍ പെട്ടെന്നുള്ള ഊര്‍ജ്ജവും ചര്‍മത്തിന് തിളക്കവും നല്‍കുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടമില്ലാതെ പ്രത്യേകിച്ച് ആശുപത്രികളല്ലാത്ത സ്ഥലങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. 'എത്ര മഹത്വവത്ക്കരിച്ചാലും ഇത് നല്ലതായി തോന്നില്ല. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയാണ് ബലികൊടുക്കുന്നത്. നിങ്ങള്‍ക്ക് കൂടുതല്‍ മദ്യപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തലവേദന എന്നത് നിങ്ങളുടെ ശരീരം നല്‍കുന്ന ഒരു മുന്നറിയിപ്പാണ്' ഒരു ഉപയോക്താവ് കുറിച്ചത്. 'ബഹുത് കൂള്‍ ഹോ ഗയാ, അബ് നെക്സ്റ്റ് ക്യാ... ഓപ്പണ്‍ സര്‍ജറി?'-എന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: iv drip bar at indian wedding goes viral