‘മേയറോ? അതാരാണ്!’ തൊട്ടടുത്തിരുന്ന ന്യൂയോർക്ക് മേയറെ തിരിച്ചറിയാതെ 'ഐഷോസ്പീഡ്'; വിഡിയോ വൈറൽ

#Lifestyle desk
സൊഹ്റാൻ മംദാനിയുടെ അരികിൽ യൂട്യൂബറായ ഐഷോസ്പീഡ് |ഫോട്ടോ: X/@yoxics
സൊഹ്റാൻ മംദാനിയുടെ അരികിൽ യൂട്യൂബറായ ഐഷോസ്പീഡ് |ഫോട്ടോ: X/@yoxics

പ്രശസ്ത അമേരിക്കൻ ലൈവ് സ്ട്രീമറും യൂട്യൂബറുമായ ഐഷോസ്പീഡ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പിലെ ബ്രസീൽ - മൊറോക്കോ ഗ്രൂപ്പ് ഘട്ട മത്സരം കാണാനെത്തിയപ്പോഴാണ് രസകരമായ സംഭവം നടന്നത്.

കളി കാണാൻ വിഐപി ബോക്സിലിരുന്ന സ്പീഡിന് തൊട്ടടുത്തിരുന്നത് ന്യൂയോർക്ക് നഗരത്തിന്റെ മേയറായ സോഹ്‌റാൻ മംദാനിയായിരുന്നു. എന്നാൽ തന്റെ തൊട്ടടുത്തിരിക്കുന്നത് പ്രമുഖനായ വ്യക്തിയാണെന്ന് സ്പീഡിന് മനസ്സിലായില്ല.

"മേയറോ? ആരാണ് മേയർ?" എന്ന് വിഡിയോയിൽ സ്പീഡ് അത്ഭുതത്തോടെ ചോദിക്കുന്നത് കാണാം. തുടർന്ന് മംദാനിയുടെ അടുത്തേക്ക് തിരിഞ്ഞ് കാര്യം ഉറപ്പുവരുത്തിയ ശേഷം ഇരുവരും ഹസ്തദാനം ചെയ്യുന്നുണ്ട്. 

താൻ സ്പീഡിന്റെ വലിയൊരു ആരാധകനാണെന്നും യൂട്യൂബറുടെ 2022-ലെ ലോകകപ്പ് ഗാനം എല്ലാ ദിവസവും രാവിലെ കേൾക്കാറുണ്ടെന്നും മേയർ മംദാനി വിഡിയോയിൽ പറയുന്നുണ്ട്. നിലവിൽ കോടിക്കണക്കിന് ആളുകളാണ് വിഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്.

സൗജന്യ ടിക്കറ്റ് വിവാദം

അതേസമയം, കളി കാണാൻ മേയർ എത്തിയതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളും യുഎസിൽ പുകയുന്നുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന ലക്ഷ്വറി സ്യൂട്ടിലിരുന്ന് കളി കാണാൻ മേയർ സ്വന്തം കൈയിൽ നിന്ന് പണം നൽകി ടിക്കറ്റെടുത്തില്ലെന്നാണ് ഉയരുന്ന ആരോപണം. വിപണിയിൽ 1,600 ഡോളറിലധികം (ഏകദേശം 1.3 ലക്ഷം രൂപ) വിലവരുന്ന ടിക്കറ്റുകളാണ് മേയർക്ക് സൗജന്യമായി ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, 2026 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിലൊന്ന് ന്യൂയോർക്ക് ആയതിനാൽ, തന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായാണ് മേയർ മത്സരത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ വക്താവ് ഡോറ പെകെക് വിശദീകരിച്ചു.

Content Highlights: Popular American YouTuber IShowSpeed went viral for failing to recognize NYC Mayor Zohran Mamdani sitting next to him at a FIFA World Cup match, an incident that has inadvertently sparked a political controversy over the Mayor’s free $1,600 luxury suite ticket.