ഭാര്യയുടെ മുഖം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍; ഹൃദ്യമായ കുറിപ്പോടെ വിവാഹ വാര്‍ഷികാശംസ

ഇര്‍ഫാന്‍ പഠാന്‍ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ irfan pathan
ഇര്‍ഫാന്‍ പഠാന്‍ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ irfan pathan

എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഹൃദ്യമായ കുറിപ്പോട് കൂടിയാണ് ഇര്‍ഫാന്‍ ഭാര്യയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നത്. 

ഒരുപാട് റോളുകളില്‍ പ്രാവീണ്യം നേടിയ വ്യക്തിയെന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ഇര്‍ഫാന്‍ ഭാര്യയെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഈ യാത്രയില്‍ ഭാര്യയായി സഫയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം കുറിക്കുന്നു. 

ഇതാദ്യമായാണ് ഇര്‍ഫാന്‍ പഠാന്‍ ഭാര്യയുടെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള ചിത്രം പങ്കുവെയ്ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഫ ബെയ്ഗും തന്റെ മുഖം വെളിപ്പെടാത്ത രീതിയില്‍ മാസ്‌ക് വെച്ചുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ളത്. അതിനാല്‍തന്നെ ഇര്‍ഫാന്‍ പഠാന്റെ ഈ പോസ്റ്റ് നിമിഷനേരത്തിനുള്ളില്‍ വൈറലായി. ഇതിന് താഴെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് കമന്റ് ചെയ്തു. 

നേരത്തെ ഇര്‍ഫാന്‍ പഠാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച സഫയുടെ ചിത്രം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സഫയുടെ മുഖം ബ്ലര്‍ ചെയ്ത രീതിയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മുഖം കാണിക്കാന്‍ ഭാര്യയെ പഠാന്‍ അനുവദിക്കുന്നില്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരാനാണെന്നുമുള്ള തരത്തില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഇതിനെല്ലാം മറുപടിയായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പഠാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. മകന്റെ അക്കൗണ്ടില്‍ നിന്ന് ഭാര്യ തന്നെയാണ് ചിത്രം പങ്കുവെച്ചതെന്നും താന്‍ അവളുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാന്‍ മറുപടിയില്‍ വ്യക്തമാക്കി. 

2016 ഫെബ്രുവരി നാലിനാണ് പഠാനും സഫയും വിവാഹിതരായത്. ഹൈദരാബാദുകാരിയായ സഫ മാധ്യമപ്രവര്‍ത്തകയും മോഡലുമായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ഇമ്രാന്‍ ഖാനും സുലൈമാന്‍ ഖാനും. 2020-ലാണ് പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

Content Highlights: irfan pathan reveals wife safa baigs face on marriage anniversary