പുരുഷന്മാരുടെ പ്രശ്നങ്ങളും ചര്‍ച്ചചെയ്യേണ്ടേ?; നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനം

ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാര് നല്കുന്ന സംഭാവനകള്‍ അംഗീകരിക്കുന്നതിനും അത് ആഘോഷിക്കുന്നതിനുമാണ് നവംബര്‍ 19 പുരുഷദിനമായി ആചരിക്കുന്നത്. പുരുഷന്മാരുടെ മാനസിക-ശാരീരികാരോഗ്യം, ക്ഷേമം, ലിംഗസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ അഭിസംബോധനചെയ്യാനും പുരുഷന്മാര് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാനുമാണ് ഇത്തരമൊരു പ്രത്യേകദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്. 'പോസിറ്റീവ് മെയില്‍ റോള്‍ മോഡല്‍സ്' എന്നതാണ് ഈവര്‍ഷത്തെ പുരുഷദിനത്തിന്റെ തീം.
തൊണ്ണൂറുകളിലാണ് പുരുഷന്മാര്ക്കായി പ്രത്യേകദിനമെന്ന ആശയം ഉടലെടുത്തത്. ട്രിനിഡാഡിലെ ഗവേഷകനായിരുന്ന ഡോ. ജെറോം ടീലക് സിങ് ആയിരുന്നു ഇത്തരമൊരു ആശയത്തിന് പിന്നില്‍. പുരുഷന്മാരുടെ നേട്ടങ്ങള്‍ അംഗീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു ദിവസം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ 1992 മുതല്‍ പുരുഷദിനം ആഘോഷിക്കപ്പെടുന്നതായി പറയപ്പെടുന്നു.
തൊണ്ണൂറുകളില്‍ യു.എസിലെയും യൂറോപ്പിലെയും ചില സംഘടനകളാണ് പുരുഷദിനം ആഘോഷിച്ചുതുടങ്ങിയത്. ഫെബ്രുവരി മാസത്തിലായിരുന്നു ഈ ആഘോഷങ്ങള്‍. 2009 മുതല്‍ ഇത് നവംബര്‍ 19-ലേക്ക് മാറ്റി. അങ്ങനെ എല്ലാവര്‍ഷവും നവംബര്‍ 19 അന്താരാഷ്ട്ര പുരുഷദിനമായി ആഘോഷിക്കാന്‍ തുടങ്ങി.
പുരുഷാവകാശ പ്രവര്‍ത്തകയായ ഉമ ഛല്ലയാണ് ഇന്ത്യയില്‍ പുരുഷദിനത്തിന് പ്രചാരണം നല്‍കിയത്. പുരുഷാവകാശ സംരക്ഷണത്തിനായി അവര്‍ ചില സംഘടനകള്‍ സ്ഥാപിക്കുകയും ഇതിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുരുഷദിനത്തിന്റെ പ്രധാന്യത്തിന് പ്രചാരണം നല്കുകയുംചെയ്തു.
ആണുങ്ങള്‍ക്കായുള്ള ഹെല്‍പ്പ്ലൈനിലേക്ക് ലക്ഷക്കണക്കിന് ഫോണ്‍കോളുകള്‍
എം.ബി.ബാബു
തൃശ്ശൂര്‍: ഇന്ത്യയിലുടനീളമുള്ള ആണുങ്ങളുടെ പരാതി കേള്‍ക്കാനും പരിഹാര-സഹായത്തിനുമായി തൃശ്ശൂര്‍ ആസ്ഥാനമാക്കി ആരംഭിച്ച ഹെല്‍പ്പ് ലൈനിലേക്ക് വിളിയോടുവിളി. 2014 ഏപ്രില്‍ 16-ന് ദേശീയതലത്തില്‍ തുടങ്ങിയ സിഫ് വണ്‍ എന്ന ഹെല്‍പ്പ് ലൈനില്‍ 2024 ഏപ്രില്‍ വരെ എത്തിയത് 4,08,862 ഫോണ്‍വിളികള്‍. ഈ വര്‍ഷം ഒക്ടോബര്‍ അവസാനംവരെമാത്രം വന്നത് 32,612 വിളികളാണ്, ഇതില്‍ ഏറ്റവും കുറവ് കേരളത്തിലാണ്-351.
എല്ലാ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഏതു ഭാഷയിലും സംസാരിക്കാവുന്ന രീതിയിലാണ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. പത്ത് എക്സറ്റന്ഷന് നമ്പറുകളിലേക്ക് ഭാഷാടിസ്ഥാനത്തില്‍ വിളികള്‍ പോകും.
പരാതി കേള്‍ക്കുന്നതിനും പരിഹാരത്തിനുമായി ഓരോന്നിലും ഒരേസമയം ഏഴുമുതല്‍ പത്തുപേരുടെ സേവനം ലഭിക്കും. സഹായം നല്കാന് കൗണ്‍സിലര്‍മാരും നിയമോപദേശത്തിന് അഭിഭാഷകരും അടങ്ങുന്ന സംഘമുണ്ട്. പരാതി ന്യായമാണെങ്കില്‍ നിയമസഹായം ഉള്‍പ്പെടെയുള്ളവ ചെയ്തുകൊടുക്കും.
ഈവര്‍ഷം ഏറ്റവും കൂടുതല്‍ വിളി വന്നത് ഡല്‍ഹി, ഹരിയാണ, ജമ്മു-കശ്മീര്‍, രാജസ്ഥാന് എന്നിവിടങ്ങളടങ്ങുന്ന എക്സന്ഷനിലേക്കാണ് -9391 എണ്ണം.രാജ്യമൊട്ടുക്കുമുള്ള അന്‍പത് പുരുഷാവകാശ സംഘടനകളുടെയും പുറത്തുള്ള രണ്ട് സംഘടനകളുടെയും കൂട്ടായ്മയായ സേവ് ഇന്ത്യന്‍ ഫാമിലിയാണ്(സിഫ്) ഹെല്പ്പ്ലൈന് ആരംഭിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും. 8882498498 എന്നതാണ് സിഫ് നമ്പര്‍. മലയാളത്തിന് എക്സ്റ്റന്‍ഷന്‍ ഒന്‍പത് അമര്‍ത്തണം.
Content Highlights: international mens day origin and theme