'ഇത് അമേരിക്കയോ ലണ്ടനോ അല്ല'; ചെറിയ വസ്ത്രം ധരിച്ചതിന് റീൽ ഷൂട്ടിനിടെ യുവതിയോട് ദേഷ്യപ്പെട്ട് സ്ത്രീ

ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. എന്നാൽ ഇറക്കം ഇത്തിരി കുറഞ്ഞതോ ശരീരം അൽപ്പം കാണുന്നതോ ആയ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ രൂക്ഷമായി വിമർശിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ഒരാളിൽ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇൻഫ്‌ളുവൻസറായ യുവതി.
അഞ്ജലി ഝാ എന്ന യുവതിക്കാണ് ഒരു സ്ത്രീയിൽ നിന്ന് ദുരനുഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ അഞ്ജലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. റോഡരികിൽ നിന്ന് അഞ്ജലി റീൽ ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. വീഡിയോ ചിത്രീകരിച്ച് തുടങ്ങിയതിന് പിന്നാലെ സ്ത്രീ അഞ്ജലിക്കടുത്തേക്ക് വന്ന് ചീത്ത പറയുകയായിരുന്നു. അഞ്ജലി ധരിച്ച വസ്ത്രമാണ് അവരെ പ്രകോപിപ്പിച്ചത്.
അഞ്ജലി ധരിച്ച വസ്ത്രം വളരെ ചെറുതാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയിൽ കേൾക്കാം. 'ഇത് അമേരിക്കയോ ലണ്ടനോ ഒന്നും അല്ല. അവിടെയുള്ളവരോട് ആരും ഒന്നും പറയുന്നുണ്ടാകില്ല. പക്ഷേ ഇന്ത്യയിലെ സ്ത്രീകളുടെ അന്തസ് ഇതാണ്.'-സ്ത്രീ പറഞ്ഞു.
തുടർന്ന് തന്റെ ആശങ്കയും അവർ അഞ്ജലിയോട് തുറന്ന് പറഞ്ഞു. ചുറ്റുപാട് എല്ലായ്‌പ്പോഴും സുരക്ഷിതമല്ലെന്നും ആളുകൾ മോശമായി നോക്കുമെന്നും അവർ പറഞ്ഞു. എല്ലാ സ്ത്രീകളും ബഹുമാനം അർഹിക്കുന്നവരാണ്. ഇത്തരം വസ്ത്രങ്ങൾ ധരിക്കരുത്. നീ എന്റെ മകളെ പോലെയാണ്. വസ്ത്രം മാറ്റിവന്നിട്ട് വീഡിയോ ചിത്രീകരണം തുടർന്നോളൂവെന്നും സ്ത്രീ കൂട്ടിച്ചേർത്തു.
സ്ത്രീ പറഞ്ഞതെല്ലാം ശാന്തയായി പുഞ്ചിരിയോടെ കേട്ട് നിൽക്കുന്ന അഞ്ജലിയാണ് വീഡിയോയിലുള്ളത്. ഇതിനിടെ സ്ത്രീയോട് അഞ്ജലി മറുപടി പറയുന്നുണ്ട്. വീഡിയോ ചിത്രീകരിക്കാനായി താൻ ദൂരെനിന്ന് വന്നതാണെന്നാണ് അഞ്ജലി പറഞ്ഞത്. പക്ഷേ അതൊന്നും സ്ത്രീ ചെവിക്കൊണ്ടില്ല.
നിരവധി പേരാണ് അഞ്ജലിയെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. 'ശരി ശരി എന്ന് പറഞ്ഞ് മുന്നോട്ട് പോകുക. കാരണം, നിങ്ങൾക്ക് ഒരു സംഭാഷണത്തിലൂടെ ഒരാളെ മാറ്റാൻ കഴിയില്ല' -ഒരാൾ കുറിച്ചു. 'പ്രായമുള്ള ആളാണെന്ന് കരുതിയാണോ സഹിച്ചുനിന്നത്? ഈ വസ്ത്രം അത്ര മോശമൊന്നുമല്ല' -മറ്റൊരാൾ കുറിച്ചു.
Content Highlights: Influencer Anjali Jha faced public criticism from an elderly woman during a reel shoot for wearing short clothes and the woman claimed such attire is unsuitable for Indian culture while comparing it to Western standards.