ടൈ ധരിക്കാൻ മറന്നതിന് സൂപ്പർവൈസറുടെ കാല് പിടിക്കാൻ പറഞ്ഞു; ജോലി രാജിവെച്ച് മലയാളി

#Lifestyle Desk
മുഹമ്മദ് ജംഷിദ്, ഇൻഡിഗോ വിമാനം | Photos: instagram.com/platesoffflavour, Mathrubhumi
മുഹമ്മദ് ജംഷിദ്, ഇൻഡിഗോ വിമാനം | Photos: instagram.com/platesoffflavour, Mathrubhumi

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ജോലി രാജി വെക്കാനുള്ള കാരണം പറഞ്ഞ് മലയാളിയായ യുവാവ്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫായ കാസർകോഡ് സ്വദേശി മുഹമ്മഗ് ജംഷിദാണ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. ഡ്യൂട്ടിക്ക് ടൈ ധരിക്കാതെ എത്തിയതിന് കാല് പിടിച്ച് മാപ്പ് പറയണമെന്ന് സൂപ്പർവൈസർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജംഷിദ് ജോലി രാജിവെച്ചത്. കണ്ടന്റ് ക്രിയേറ്ററായ ജംഷിദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പ്രതിവാര പരിശോധന നടത്താനായാണ് അന്ന് എന്നെ നിയോഗിച്ചത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഒരു ഡയറക്ടർ എന്നെ തടഞ്ഞുനിർത്തി. ഞാൻ ടൈ ധരിച്ചില്ല എന്ന് ശ്രദ്ധിച്ചിട്ടാണ് അദ്ദേഹം എന്നെ തടഞ്ഞത്. ഉടൻ തന്നെ ഞാൻ എന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും മനഃപൂർവമല്ല ടൈ ധരിക്കാൻ മറന്നതെന്ന് പറയുകയും ചെയ്തു. ഒപ്പം, ഇനി ഇത് ആവർത്തിക്കില്ലെന്ന ഉറപ്പും ഞാൻഅദ്ദേഹത്തിന് നൽകി.' -ജംഷിദ് പറഞ്ഞു.

'ഡയറക്ടർ എന്റെ സൂപ്പർവൈസറെ വിളിച്ച് ടൈ ഇല്ലാതെ എന്തിനാണ് എന്നെ ടെർമിനലിലേക്ക് കടത്തിവിട്ടതെന്ന് ചോദിച്ചു. അവർ ഉടൻ തന്നെ മാപ്പ് പറഞ്ഞു. തുടർന്ന് തന്നോട് മാപ്പ് പറയാൻ സൂപ്പർവൈസർ എന്നോട് ആവശ്യപ്പെട്ടു. ഒരു മടിയും കൂടാതെ ഞാനത് ചെയ്തു. പിന്നെ, തന്റെ കാല് പിടിച്ച് മാപ്പ് പറയാൻ സൂപ്പർവൈസർ എന്നോട് ആവശ്യപ്പെട്ടു. പ്രൊഫഷണലായ ജോലിസ്ഥലത്ത് അത് വളരെയധികം അപമാനകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ബഹുമാനത്തോടെ അത് നിരസിച്ചു. അതേത്തുടർന്ന് എന്നോട് ടെർമിനൽ വിട്ട് പോകാൻ ആവശ്യപ്പെട്ടു.' -ജംഷിദ് തുടർന്നു.

'ടൈ ധരിക്കാൻ മറന്നതിന്റെ പൂർണമായ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. ഇത്തരം പ്രശ്‌നങ്ങൾ പ്രൊഫഷണലായും ബഹുമാനത്തോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. എന്റെ കാഴ്ചപ്പാടിൽ, ഒരു ജീവനക്കാരനോടും അവന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും കോട്ടംതട്ടുന്ന കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടരുത്. മുൻകൂട്ടി തീരുമാനിച്ച അവധിക്ക് ശേഷം ഞാൻ തിരികെ എത്തിയപ്പോൾ ചില സഹപ്രവർത്തകർ ഈ സംഭവത്തെ കുറിച്ച് എന്നോട് ചോദിച്ചു. വളരെയധികം വ്യക്തിപരമായ ഒരുകാര്യം മറ്റുള്ളവർ അറിഞ്ഞുവെന്നത് എന്നെ വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു.' -ജംഷിദ് പറഞ്ഞു.

'സംഭവിച്ചതെല്ലാം ഞാൻ എത്തിക്‌സ് ആൻഡ് കംപ്ലയൻസ് ടീമിനെ അറിയിച്ചു. എന്റെ പരാതി പരിഗണിച്ചതിനും എന്നെ കേട്ടതിനും അന്വേഷണം നടത്തിയതിനും എത്തിക്‌സ് ആൻഡ് കംപ്ലയൻസ് ടീമിന് നന്ദി പറയുന്നു.'

'എനിക്ക് ആർക്ക് മുന്നിലും ഒന്നും തെളിയിക്കാനുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന കാര്യം, ജോലി രാജി വെക്കും മുമ്പ് ഞാൻ എല്ലാ വിഭാഗങ്ങളിലേക്കും ഇമെയിൽ അയക്കുകയും ബന്ധപ്പെട്ട മാനേജർമാരെ അറിയിക്കുകയും ചെയ്തിരുന്നു. വിഷയം പരിശോധിക്കാമെന്നും ആരെങ്കിലും എന്നോട് സംസാരിക്കുമെന്നുമാണ് എന്നോട് പറഞ്ഞത്. നിർഭാഗ്യവശാൽ ആരുമത് തിരിഞ്ഞുനോക്കിയില്ല. എല്ലാവരും ഇക്കാര്യം മറന്നതായി എനിക്ക് തോന്നി. ഞാൻ എന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ബന്ധപ്പെട്ട വിഭാഗ അത് ഗൗരവത്തിലെടുത്തത്.' -ജംഷിദ് പറഞ്ഞു.

ജംഷിദിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി ഇൻഡിഗോ വക്താവ് രംഗത്തെത്തി. ജംഷിദ് ഉന്നയിച്ച കാര്യങ്ങൾ നടപടിക്രമങ്ങൾ അനുസരിച്ച് വിശദമായി പരിശോധിച്ചുവെന്നും എന്നാൽ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ലെന്നുമാണ് ഇൻഡിഗോ വക്താവ് പറഞ്ഞത്.

ജോലിയിലുണ്ടായിരുന്ന കാലത്ത് ജംഷിദ് മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇൻഡിഗോ ആരോപിക്കുന്നു. അനധികൃതമായി ജോലിക്കെത്താതിരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് രേഖാമൂലമുള്ള തെളിവുകളുണ്ട്. തുടർന്ന് മേലധികാരികളുടെ ഇടപെടലും കൗൺസിലിങ്ങുകളുമെല്ലാം നടത്തി. ജംഷിദിന് മെച്ചപ്പെടാനുള്ള എല്ലാ അവസരവും നൽകിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

Content Highlights: Muhammed Jamshid, a Kasaragod native working as IndiGo ground staff at Bengaluru airport, resigned after his supervisor allegedly demanded he touch their feet for forgetting his tie. IndiGo denied the claims, citing poor work performance.