'ഇനി യുഎസിലേക്ക് തിരിച്ചുവരാന്‍ പറ്റില്ലേ?; എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ വിമാനത്തില്‍നിന്ന് ഇറങ്ങി ഇന്ത്യക്കാര്‍

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ഗ്രേറ്റ് അമേരിക്ക എഗൈന്‍' പദ്ധതിയുടെ ഭാഗമായി എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറിലേക്ക് ഉയര്‍ത്തിയതിന് പിന്നാലെ വലിയ ആശങ്കയാണ് അമേരിക്കയിലുണ്ടായിരിക്കുന്നത്. നവരാത്രി, ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് വരാനിരുന്ന ഇന്ത്യക്കാരെ ഈ തീരുമാനം വലിയതോതിലാണ് ബാധിച്ചത്. ഇന്ത്യയിലേക്കുള്ള യാത്രക്കായി എമിറേറ്റ്‌സ് വിമാനത്തില്‍ കയറിയ പല യാത്രക്കാരും തിരിച്ചിറങ്ങി. തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.
സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. വിമാനത്തിനുള്ളിലിരുന്ന് ആളുകള്‍ അസ്വസ്ഥരാകുന്നതും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇനി യുഎസിലേക്ക് തിരിച്ചുവരാന്‍ പറ്റിയില്ലെങ്കിലോ എന്നതായിരുന്നു പലരുടേയും ആശങ്ക. തുടര്‍ന്ന് ക്യാപ്റ്റന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതും വീഡിയോയിലുണ്ട്. യാത്ര റദ്ദാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്‌തോളൂ എന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.
'സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലെ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കിടയില്‍ തികഞ്ഞ ആശയക്കുഴപ്പമായിരുന്നു. പുതിയതും നിലവിലുള്ളതുമായ എച്ച്1ബി വിസ ഉടമകളെ ബാധിക്കുന്ന ഒരു ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചത് പലരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അവര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും തീരുമാനിച്ചു'-വീഡിയോ പങ്കുവെച്ച യാത്രക്കാരിലൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ മൈക്രോസോഫ്റ്റും മെറ്റയും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ അമേരിക്ക വിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അമേരിക്കയ്ക്ക് പുറത്തുള്ള ജീവനക്കാരോട് 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരാനും കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. റീ എന്‍ട്രി നിഷേധിക്കപ്പെടാതിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ നിര്‍ദേശം കൊടുത്തിട്ടുള്ളത്.
എച്ച് 1 ബി വിസാഫീസ് വര്‍ധനയിലൂടെ അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ എച്ച്-1ബി വിസകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
Content Highlights: indians deboard flight after trumps H-1B fee order