പതിനായിരം അടി ഉയരത്തിൽ വച്ച് ഡിജെ; ആകാശത്ത് സംഗീതവിസ്മയമൊരുക്കി യുവതി, ലോകത്ത് ആദ്യം | വീഡിയോ

പാരാഗ്ലൈഡിങ്ങിനിടെ ഡിജെ ട്രിപ്സ് | Photos: instagram video screen grabs
പാരാഗ്ലൈഡിങ്ങിനിടെ ഡിജെ ട്രിപ്സ് | Photos: instagram video screen grabs

മാസ്മരികമായ സംഗീതത്തിലൂടെ ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടുന്നവരാണ് ഡിസ്‌ക് ജോക്കി അഥവാ ഡിജെ. വ്യത്യസ്തമായ ഗാനങ്ങള്‍ ആഘോഷത്തിന്റെ മൂഡനുസരിച്ച് കൃത്യമായ താളത്തിലും വേഗത്തിലും കൂട്ടിച്ചേര്‍ക്കുന്ന ഡിജെകള്‍ക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. ഇവിടെയിതാ, വളരെ വ്യത്യസ്തമായി ഡിജെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. 

ഡിജെ ട്രിപ്‌സ് എന്നറിയപ്പെടുന്ന തൃഷിനാ കൃപലാനിയാണ് സംഗീതത്തോടും സാഹസികതയോടുമുള്ള തന്റെ ഇഷ്ടത്തെ സമന്വയിപ്പിച്ചത്. ആകാശത്തുവെച്ച് ഡിജെ അവതരിപ്പിച്ചുകൊണ്ടാണ് തൃഷിന ശ്രദ്ധേയയായത്. പാരാഗ്ലൈഡിങ് ചെയ്തുകൊണ്ടായിരുന്നു ഇത്. 10,000 അടി ഉയരത്തില്‍ വെച്ച് സംഗീതം പൊഴിക്കുന്ന ഡിജെ ട്രിപ്‌സിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പാരാഗ്ലൈഡിങ് പരിശീലകന്‍ മാത്രമാണ് ആകാശത്തുവെച്ചുള്ള തൃഷിനയുടെ സംഗീതം ആസ്വദിക്കാനുണ്ടായിരുന്നത്. 

ലോകത്ത് ആദ്യമായി പാരാഗ്ലൈഡിങ് ചെയ്യുന്ന വനിതാ ഡിജെ എന്ന നേട്ടവും ഇതോടെ ഡിജെ ട്രിപ്‌സ് സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ ബിര്‍ എന്ന സ്ഥലത്തുവെച്ചാണ് തൃഷിന തന്റെ ചിരകാല സ്വപ്‌നം പൂവണിയിച്ചത്. തന്റെ പാരാഗ്ലൈഡിങ്-ഡിജെ അനുഭവത്തെ കുറിച്ച് തൃഷിന പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിച്ചു. 

കണ്ടതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ എന്ന് അതില്‍ തൃഷിന പറഞ്ഞു. പാരാഗ്ലൈഡിങ്ങിനായി പോകവെ തന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതായി. ഈ വ്യത്യസ്തമായ അനുഭവം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടുപോകുമായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ 30 മിനുറ്റ് മുമ്പ് എല്ലാം ശരിയാവുകയും ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവം യാഥാര്‍ഥ്യമാകുകയും ചെയ്തുവെന്നും തൃഷിന പറഞ്ഞു. 

പാരാഗ്ലൈഡിങ്ങിനിടെയുള്ള ഡിജെ പ്രകടനത്തിന്റെ വീഡിയോയ്ക്ക് താഴെ ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ധൈര്യശാലി, ഏറെ അഭിമാനം തോന്നുന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. 'അടുത്ത വീഡിയോ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നുള്ള ഡിജെ' എന്ന് മറ്റൊരു രസികന്‍ കമന്റിട്ടു.  അതേസമയം 15 സെക്കന്‍ഡ് വീഡിയോയ്ക്ക് വേണ്ടി ജീവന്‍ അപകടത്തിലാക്കുന്നത് നല്ല ആശയമല്ല എന്നും മറ്റൊരാള്‍ കമന്റെഴുതി. 

Content Highlights: Indian Female DJ Plays Live Music While Paragliding At 10,000 Feet | Viral Video