'നടിമാരുമായി താരതമ്യപ്പെടുത്തി പരിഹാസം; സ്റ്റീറോയ്ഡ് എടുത്തു, 6 നേരം ഭക്ഷണം കഴിച്ചു'; ഇമ്രാന്‍ ഖാന്‍

സിക്‌സ് പാക്ക് ബോഡിയും മസിലുമില്ലാത്ത ബോളിവുഡ് നായകനടന്മാര്‍ കുറവാണ്. ഷാരൂഖ് ഖാന്‍ മുതലുള്ള താരങ്ങള്‍ തങ്ങളുടെ സിക്‌സ് പാക്ക് ബോഡി സ്‌ക്രീനില്‍ കാണിച്ചിട്ടുമുണ്ട്. ജോണ്‍ എബ്രഹാമും ഹൃത്വിക് റോഷനുമെല്ലാം ഈ കൂട്ടത്തില്‍ പെടുന്നവരാണ്. എന്നാല്‍ ബോളിവുഡിന്റെ ഈ ഹീറോ സങ്കല്‍പത്തോട് ഒത്തുപോകാന്‍ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ ഇമ്രാന്‍ ഖാന്‍.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് ശരീരവുമായി ബന്ധപ്പെട്ട കുത്തുവാക്കുകളും പരിഹാസങ്ങളും താന്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും അതെല്ലാം വിഷാദരോഗത്തിലേക്ക് എത്തിച്ചുവെന്നും ഇമ്രാന്‍ പറയുന്നു. മസില്‍ ബോഡിക്ക് വേണ്ടി സ്റ്റിറോയിഡ് എടുക്കേണ്ടി വന്നെന്നും ആറ് നേരം ഭക്ഷണം കഴിക്കേണ്ടി വന്നെന്നും ഇമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പഴയകാലത്തെ ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
'മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എന്റേത്. ഹൈപര്‍ മെറ്റാബോളിസമായിരുന്നു ഇതിന് കാരണം. കൗമാര കാലത്ത് സുഹൃത്തുക്കള്‍ ബോഡി ബില്‍ഡിങ്ങുമായി ബന്ധപ്പെട്ട് ബൈസെപ്സുകള്‍ക്ക് പിന്നാലെയായിരുന്നു. എന്നാല്‍ ഞാന്‍ അന്നും എസ് സൈസിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്റെ ശരീരത്തിന് മാത്രം യാതൊരു മാറ്റവുമുണ്ടായിരുന്നില്ല.
എന്റെ ആദ്യ ചിത്രമായ ജാനേ തു ജാനേ യാ-യിലെ കഥാപാത്രമായ ജയ് സിങ്ങ് റാത്തോറിന് വേണ്ടത് മസിലുള്ള ശരീരമല്ലാതിരുന്നിട്ട്‌പോലും മെലിഞ്ഞ ശരീരം കാണാതിരിക്കാന്‍ രണ്ട് ലെയര്‍ വസ്ത്രം ഞാന്‍ ധരിച്ചു. അടുത്ത ചിത്രമായ കിഡ്നാപ്പിലേക്കെത്തിയപ്പോഴേക്കും ബോഡി ബില്‍ഡിങ് യാത്ര തുടങ്ങിയിന്നു. എന്നിട്ടു നിര്‍മാതാക്കളില്‍ നിന്ന് 'ഷൂട്ടിങ്ങിന് മുമ്പ് കുറച്ചുകൂടി മസിലുവെക്കില്ലേ' എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നു. നിങ്ങള്‍ ക്ഷീണിച്ചിരിക്കുന്നുവല്ലോ, നിങ്ങള്‍ ഒരു പുരുഷനെപ്പോലെയല്ല, ചെറിയ പയ്യനെപ്പോലെയാണ്, നടിമാര്‍ നിങ്ങളേക്കാള്‍ വലുതാണ് എന്നെല്ലാം പലരും പറഞ്ഞു. ഇതോടെ അരക്ഷിതാവസ്ഥയിലെത്തിയ ഞാന്‍ ശരീരം വലുതാക്കാനായി കൂടുതല്‍ കഷ്ടപ്പെട്ടു. ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിച്ചു, ചിക്കനും മട്ടനും മധുരക്കിഴങ്ങും ഉള്‍പ്പെടുന്ന 4000 കലോറി ഭക്ഷണം. എന്നിട്ടും എനിക്ക് ഹീറോകളെപ്പോലെയുള്ള ബൈസെപ്‌സ് ഉണ്ടായില്ല. ഇതോടെ പ്രോട്ടീനും സ്റ്റിറോയിഡുമെല്ലാം എടുക്കാന്‍ തുടങ്ങി.
ഇതിന് പിന്നാലെ വിഷാദരോഗവും തലപൊക്കി. ഇതോടെ വ്യായാമവും ജിമ്മിലേക്കുള്ള യാത്രയുമെല്ലാം അവസാനിപ്പിച്ചു. വീണ്ടും പഴയ മെലിഞ്ഞ രൂപത്തിലായി. ഇത്തരത്തിലുള്ള എന്റെ ചിത്രം പ്രചരിച്ചതോടെ എന്റെ ആരോഗ്യവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ആ അവസ്ഥയില്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വിഷമമായിരുന്നു. എല്ലാവരേയും ഒഴിവാക്കി.
എന്നാല്‍ പിന്നീടൊരു തിരിച്ചുവരവാണ് നടത്തിയത്. ഈ മെലിഞ്ഞ രൂപത്തില്‍ എന്നെ ആരും ഇനി കാണരുത് എന്ന ഞാന്‍ തീരുമാനിച്ചു. അതൊരു കഠിനമായ ഘട്ടമായിരുന്നു. വീണ്ടും വ്യായാമം ചെയ്യാന്‍ തുടങ്ങി. ജിമ്മില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. ഇപ്പോള്‍ മറ്റേതിനേക്കാളും മികച്ച ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മസിലുള്ള സൂപ്പര്‍ ഹീറോകളോട് ഇപ്പോഴും അസൂയയാണ്.' കുറിപ്പില്‍ ഇമ്രാന്‍ പറയുന്നു.
Content Highlights: Imran Khan opens up about body-image Issues, steroids & depression