2007-ന് ശേഷം പ്രത്യുത്പാദന നിരക്ക് താഴേക്ക്; ഐ ഫോണിനും നിർണായക പങ്കുണ്ടെന്ന് പഠനങ്ങൾ

ചരിത്രപരമായി ജീവിതനിലവാരം മെച്ചപ്പെടുമ്പോൾ ഒരു പ്രദേശത്തോ സമൂഹത്തിലോ ജനനനിരക്ക് സാധാരണയായി കുറയാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഗവേഷകർ വ്യത്യസ്തമായ ഒരു കാര്യം കണ്ടെത്തി. 2007 മുതൽ വ്യത്യസ്ത സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾക്കിടയിലും ലോകമെമ്പാടുമുള്ള ജനനനിരക്ക് ഏതാണ്ട് സമാനമായ നിരക്കിൽ കുറഞ്ഞുവരുന്നു എന്നതായിരുന്നു ആ കണ്ടെത്തൽ. അത് എങ്ങനെ സംഭവിച്ചു എന്നല്ലേ. അടുത്തിടെ നടന്ന രണ്ട് പഠനങ്ങൾ പറയുന്നത് ജനനനിരക്ക് കുറയാൻ ഐ ഫോണും കാരണമാകുന്നു എന്നതാണ്.
അമേരിക്കയിലെ റിസേർച്ച് ഓർഗനൈസേഷനായ നാഷണൽ ബ്യൂറോ ഓഫ് എക്കണോമിക്‌സ് റിസേർച്ച് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 1980 മുതൽ 2007 വരെ യുഎസിലെ 1000 സ്ത്രീകളിൽ 65 മുതൽ 75 പേർ വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ടായിരുന്നു. ഇത് സ്ഥിരമായി തുടരുകയും ചെയ്തു. എന്നാൽ അതിനുശേഷം ഇതിൽ കുറവ് വരാൻ തുടങ്ങി. 2024 ആയപ്പോഴേക്കും 54 ആയി കുറഞ്ഞു. 17 വർഷത്തിനിടയിൽ 11 ശതമാനം കുറവ് സംഭവിച്ചു.
എന്നാൽ ഇതിൽ ഐ ഫോണിന്റെ സ്വാധീനം പരിശോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2008-ലെ സാമ്പത്തിക പ്രതിസന്ധി പോലെയുള്ള ആഗോള സംഭവങ്ങളും കാരണമായിട്ടുണ്ടാകാം. 2007 ജൂൺ മുതൽ 2011 ഫെബ്രുവരി വരെയുള്ള കാലയളവിൽ, യുഎസിൽ ഐഫോൺ AT&T വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇതിനർത്ഥം ആ വർഷങ്ങളിൽ ഒരു കൗണ്ടിയിലേക്കുള്ള ഐഫോണിന്റെ ലഭ്യത AT&T യുടെ മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്വർക്കിന്റെ വ്യാപനത്തെ ആശ്രയിച്ചിട്ടായിരുന്നു എന്നാണ്. ഏകദേശം പൂർണ്ണമായ AT&T കവറേജ് ഉള്ള കൗണ്ടികളും വളരെ കുറഞ്ഞ കവറേജ് ഉള്ളവയും തമ്മിൽ താരതമ്യപ്പെടുത്തി ഗവേഷകർ ഇതിനെ ഒരു സ്വാഭാവിക പരീക്ഷണമായി ഉപയോഗിച്ചു.
ഐഫോൺ ലഭ്യത 15 മുതൽ 19 വയസ്സുവരെയുള്ള സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 4.5 മുതൽ 8 ശതമാനം വരേയും 20 മുതൽ 24 വയസ്സുവരെയുള്ള സ്ത്രീകളിൽ 3.2 മുതൽ 6.6 ശതമാനം വരെയും കുറച്ചുവെന്ന് അവർ കണ്ടെത്തി. മൊത്തത്തിൽ, 2007-2011 കാലയളവിൽ 15 മുതൽ 44 വയസ്സുവരെയുള്ള സ്ത്രീകളുടെ പൊതു പ്രത്യുത്പാദന നിരക്കിലെ കുറവിന്റെ 33 മുതൽ 52 ശതമാനം വരെ ഐഫോണിന് സ്വാധീനമുണ്ട് എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. 2007-നും 2024 നും ഇടയിൽ, 15 മുതൽ 19 വയസ്സുവരെയുള്ളവരിൽ പ്രത്യുത്പാദന നിരക്ക് 70 ശതമാനം കുറഞ്ഞു. 20 മുതൽ 24 വയസ്സുവരെയുള്ളവരിൽ 47 ശതമാനം കുറഞ്ഞു, എന്നാൽ 30 മുതൽ 34 വയസ്സുവരെയുള്ളവരിൽ ഏഴ് ശതമാനം മാത്രമാണ് കുറഞ്ഞത്. അതേസമയം 35 മുതൽ 39 വയസ്സുവരെയുള്ളവരിൽ 14 ശതമാനം വർദ്ധിച്ചു. AT&T കവറേജ് ഇല്ലാത്ത കൗണ്ടികളിൽ, കൗമാരക്കാരുടെ പ്രതുത്പാദന നിരക്ക് 13.8 ശതമാനം കുറഞ്ഞു, ഭാഗികമായ കവറേജ് ഉള്ള കൗണ്ടികളിൽ 18.9 ശതമാനം, ഏതാണ്ട് പൂർണ്ണമായ കവറേജ് ഉള്ള കൗണ്ടികളിൽ 26 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്.
ഐ ഫോൺ മാത്രമല്ല കാരണമെങ്കിലും ഇതിന് വലിയൊരു പങ്കുണ്ടെന്ന് ഗവേഷകർ പറയുന്നു. ഐ ഫോണുകളും മറ്റ് സ്മാർട്ട് ഫോണുകളും പ്രചാരത്തിലായതോടെ ആളുകളുടെ സൗഹൃദം കുറഞ്ഞുവെന്നും ലൈംഗികബന്ധത്തിൽ പോലും താത്പര്യം കുറഞ്ഞുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പലരും ലൈംഗികബന്ധത്തിന് പകരം അശ്ലീല സിനിമകൾ തിരഞ്ഞെടുക്കുന്നതും ഗവേഷകർ കാരണങ്ങളായി പറയുന്നു. പഠന കാലയളവിൽ 'പോൺ' എന്നതിനായുള്ള ഗൂഗിൾ തിരയലുകൾ ഇരട്ടിയിലധികമായി. ഗർഭധാരണം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഗർഭനിരോധന മാർഗ്ഗങ്ങളും അബോർഷനും ഉൾപ്പെടെയുള്ള കാര്യങ്ങളും ഐ ഫോണുകൾ ആളുകൾക്ക് നൽകിയിട്ടുണ്ടാകാം.
ഇത് യുഎസിൽ മാത്രമല്ലെന്നും ലോകം മുഴുവൻ സംഭവിച്ചിട്ടുണ്ടാകാമെന്നും പഠനത്തിൽ പറയുന്നു. സിൻസിനാറ്റി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധർ നടത്തിയ മറ്റൊരു പഠനത്തിൽ ലോകബാങ്ക് ഡാറ്റ ഉപയോഗിച്ച് 128 രാജ്യങ്ങളിലെ സ്മാർട്ട്ഫോൺ വ്യാപനവും കൗമാരക്കാരുടെ പ്രത്യുത്പാദന നിരക്കും പരിശോധിക്കുന്നുണ്ട്. വ്യത്യസ്ത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, ക്ഷേമ പദ്ധതികൾ, അബോർഷൻ നിയമങ്ങൾ, മതപരമായ പാരമ്പര്യങ്ങൾ, സാമ്പത്തിക മാന്ദ്യം, ജനസംഖ്യാപരമായ പ്രവണതകൾ എന്നിവയിലെല്ലാം ഒരേ കാലഘട്ടത്തിൽ സമാനമായ മാറ്റങ്ങൾ കണ്ടതായി പഠനം കണ്ടെത്തി.
'എന്തുതന്നെയായാലും കാരണം ലോകമെമ്പാടും സംഭവിച്ച ഒന്നാണ്. എല്ലാ സ്ഥലങ്ങളിലും ഏകദേശം ഒരേ സമയത്ത് ഒരേ രൂപത്തിൽ എത്തിയ എന്തോ ഒന്ന്'-ഗവേഷകർ പഠനത്തിൽ പറയുന്നു.
ഇറാൻ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ചിലി, മെക്‌സിക്കോ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ, സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ കൗമാരക്കാരുടെ പ്രത്യുത്പാദന നിരക്ക് കുറയുന്നത് വേഗത്തിലായതായും അവർ കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ബ്രോഡ്ബാൻഡ്, 4G മൊബൈൽ നെറ്റ്വർക്കുകൾ എന്നിവയുടെ ഡാറ്റ ഉപയോഗിച്ച് അവർ ഈ ആശയം പരീക്ഷിച്ചു, അതിവേഗ ലഭ്യതയുള്ള കൗണ്ടികളിൽ കൗമാരക്കാരുടെ പ്രത്യുത്പാദനം ഏറ്റവും വേഗത്തിൽ കുറഞ്ഞുവെന്ന് കണ്ടെത്തി. 2003-ൽ ഒരു ദിവസം 68 മിനിറ്റായിരുന്ന നേരിട്ടുള്ള സാമൂഹിക ഇടപെടലും ആശയവിനിമയവും 2019 ൽ 38 മിനിറ്റായി കുറഞ്ഞുവെന്ന് പഠനം കണ്ടെത്തി. മറുവശത്ത്, ആളുകൾ കമ്പ്യൂട്ടറുകളിൽ കൂടുതൽ സമയം ചെലവഴിച്ചു. ഏകദേശം ഒരു ദിവസം 22 മുതൽ 96 മിനിറ്റ് വരെ വരുമിത്.
ജനനനിരക്ക് കുറയുന്നതിൽ ഐഫോൺ മാത്രമായിരിക്കില്ല കാരണം എന്നതാണ് രണ്ട് പഠനങ്ങളും പറയുന്നത്. എന്നിരുന്നാലും, സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങളിൽ ജനനനിരക്ക് കുറയുന്ന കാലഘട്ടത്തിലാണ് ഈ പഠനങ്ങൾ വരുന്നത്. യുഎസ് പ്രത്യുത്പാദന നിരക്ക് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ്, അതേസമയം കാനഡ 2024 ൽ ഒരു സ്ത്രീക്ക് 1.25 കുട്ടികൾ എന്ന പ്രത്യുത്പാദന നിരക്ക് രേഖപ്പെടുത്തി. ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 1.30 ആണ്.
ഏഷ്യൻ സമ്പദ് വ്യവസ്ഥയിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ട്. ജനനനിരക്ക് വർദ്ധിപ്പിക്കുന്ന നയങ്ങളിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടും ഫലങ്ങൾ കാര്യമായി ഉണ്ടായില്ല. ഉപ-സഹാറൻ ആഫ്രിക്കയിലെ, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് ഉണ്ടെങ്കിലും, ഇന്ത്യയും ബ്രസീലും പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വേഗത്തിലുള്ള കുറവ് കാണിക്കുന്നു.
Content Highlights: Studies suggest iPhone adoption correlates with significant fertility declines in the US and globally., Data indicates a shift from physical social interaction to increased digital consumption., Teenage fertility rates saw the most dramatic impact following smartphone proliferation., Global demographic trends show consistent declines across diverse economic and social regions.