പഞ്ചിന് കൂട്ടായെത്തിയ പാവ, വൈറലായതോടെ ആരാധകരേറി; വില പത്ത് ഇരട്ടിയിൽ അധികം

പാവയ്‌ക്കൊപ്പം പഞ്ച് | Photo: AFP
പാവയ്‌ക്കൊപ്പം പഞ്ച് | Photo: AFP

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജപ്പാനിലെ മൃഗശാലയിലെ പഞ്ച് എന്ന കുട്ടിക്കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ഈ കുട്ടിക്കുരങ്ങൻ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച പഞ്ചിന് കൂട്ടായെത്തിയത് ഐക്കിയയുടെ സോഫ്റ്റ് ടോയ് ആയ ഒറാംഗുട്ടാൻ പാവയായിരുന്നു.

ഇപ്പോഴിതാ ഈ പാവയുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. Djungelskog orangutan plush എന്ന് അറിയപ്പെടുന്ന ഈ സോഫ്റ്റ് ടോയ്‌യുടെ വില ഏകദേശം 1650 രൂപ ആയിരുന്നു. ഇപ്പോൾ പല ഓൺലൈൻ സൈറ്റുകളും ഇതിനേക്കാൾ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. ന്യൂയോർക്ക് പോസ്റ്റിൽ വന്ന റിപ്പോർട്ട് അനുസരിച്ച് eBay-ൽ ഈ കളിപ്പാട്ടം ഏകദേശം 29000 രൂപയ്ക്കാണ് നിൽക്കുന്നത്. അതായത് യഥാർഥ വിലയുടെ പത്തിരട്ടിയിൽ അധികം വരും. ടെക്‌സസിലെ ഒരാൾ 17 യൂണിറ്റ് വാങ്ങി ഓരോന്നും ഏകദേശം 4,300 രൂപ നിരക്കിൽ വിൽക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഈ പാവ മുഴുവൻ വിറ്റുപോയതായും റിപ്പോർട്ടുകൾ പറയുന്നു. ഐക്കിയയുടെ ജപ്പാനിലെ പ്രസിഡന്റും സസ്റ്റൈനബിലിറ്റി ഓഫീസറുമായ Petra Färe ഇച്ചിക്കാവ സിറ്റി മൃഗശാല സന്ദർശിച്ചിരുന്നു. പഞ്ചിന് എപ്പോഴും കളിപ്പാട്ടം ലഭ്യമാക്കാൻ വേണ്ടി കൂടുതൽ Djungelskog orangutan പാവകൾ മൃഗശാലയ്ക്ക് സംഭാവന ചെയ്യുകയും ചെയ്തു.

ആരും കൂട്ടിനില്ലാതെ ഒറ്റപ്പെട്ടതോടെ പഞ്ചിന് പാവയെ നൽകിയത് മൃഗശാല അധികൃതരാണ്. ആദ്യം പാവയെ പഞ്ച് തിരിഞ്ഞുനോക്കിയില്ലെങ്കിലും പിന്നീട് അതിനോട് കൂട്ടുകൂടുകയായിരുന്നു. കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും പഞ്ച് പാവയെ സ്‌നേഹിച്ചു. ഉറങ്ങുന്നതുപോലും ഈ പാവയ്‌ക്കൊപ്പമായി. മൃഗശാല അധികൃതർ പകർത്തിയ വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Content Highlights: ikea plush toy carried by viral monkey punch become expensive