ഹസ്കി എന്നാ സുമ്മാവാ...ട്രെന്‍ഡാക്കി വൈക്കംകാരന്‍ അര്ജുന്

ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം തൂക്കിയ, ഡാന്‍സ് കളിക്കുന്ന ഹസ്കി എന്ന നായയെ ട്രെന്‍ഡാക്കിയത് വിദേശിയല്ല, മലയാളിയാണ്. വൈക്കം വാഴമന മാണിക്കത്തറ ഡി. അര്ജുന് (30)ആണ് ഹസ്ക്കിയെ ആഗോള ട്രെന്ഡിങ്ങിലേക്ക് എത്തിച്ചത്.
ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് വീഡിയോകള്‍ പലതും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നു. പൂച്ച, ആട്, കോഴി, സിംഹം തുടങ്ങിയ മൃഗങ്ങള്‍ ഡാന്‍സ് കളിക്കുന്ന ആനിമേഷന്‍, എഐ വീഡിയോകളും അതില്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് ഡാന്‍സ് കളിക്കുന്ന ഹസ്കി എന്ന നായയെ അര്ജുന് കണ്ടെത്തി. ഏപ്രിലില്‍ 'ഹസ്കി ഡാന്‍സ് ഡെയ്ലി' എന്ന പേജ് തുടങ്ങി. എല്ലാദിവസും പേജില്‍ വീഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു ലക്ഷ്യം. ആദ്യം പേജില്‍ വീഡിയോ ഇട്ടെങ്കിലും അധികം റീച്ച് ഉണ്ടായില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് വിശാല്‍ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന പാട്ടിന് ചുവടുവെക്കുന്ന ഹസ്കിയുടെ വീഡിയോ പോസ്റ്റ് ചെയ്തു. പ്രതീക്ഷിക്കാത്തവിധം വീഡിയോക്ക് റീച്ച് ലഭിച്ചു. ഒരുദിവസം 20,000 ആളുകള്‍ മാത്രം കണ്ട വീഡിയോ അടുത്തദിവസം അര്ജുന് ഉണര്‍ന്നെണീറ്റപ്പോഴേക്കും 10 ലക്ഷത്തിലേറെപ്പേര്‍ കണ്ടു.
പേജ് ഫോളോവേഴ്സിന്റെ എണ്ണവും കൂടി. അതോടെ ആവേശമായി. കൂടുതല്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഒരുദിവസം പലസമയത്തായി 16 വീഡിയോ വരെ പോസ്റ്റ് ചെയ്തെന്ന് അര്ജുന് പറഞ്ഞു. 15 കോടിയിലധികം ആളുകളാണ് ഇതിനോടകം 'ഹസ്കി ഡാന്‍സ് ഡെയ്ലി' എന്ന പേജ് സന്ദര്‍ശിച്ചത്. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് പത്തുലക്ഷത്തോളം കാഴ്ചക്കാരാണുള്ളത്.
വെടി എന്ന തമിഴ് സിനിമയുടെ സംഗീത സംവിധായകനായ വിജയ് ആന്റണിയും പാട്ടില്‍ നടന് വിശാലിനോടൊപ്പം ഡാന്‍സ് കളിച്ച നടി സമീറ റെഡ്ഡിയും ഹസ്കിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായി എത്തി. സമീറ റെഡ്ഡി മെസേജ് അയക്കുകയും ഹസ്കി ഡാന്‍സ് കളിക്കാമോ എന്ന് ചോദിച്ചെന്നും അര്ജുന് പറഞ്ഞു.
വൈറല്‍ വീഡിയോക്ക് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്താന്‍ ആദ്യം ആഗ്രഹമില്ലായിരുന്നു. ഒരു വീഡിയോയുടെ വിവരണത്തില്‍ മലയാളം ചേര്‍ത്തപ്പോഴാണ് ആളുകള്‍ക്ക് ഹസ്കിയുടെ പിന്നില്‍ മലയാളിയാണെന്ന് മനസ്സിലായത്. സഹോദരിയുടെ ഭര്‍ത്താവ് അഖില്‍ കെ. കമലും ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് താനാണ് ഇതിന് പിന്നിലെന്ന് എല്ലാവര്ക്കും മനസ്സിലായതെന്ന് അര്ജുന് പറഞ്ഞു. വൈക്കം കൊച്ചുകവലയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അര്ജുന്. ട്രോള്‍ രൂപത്തിലും ഹസ്കി ഡാന്‍സ് ട്രെന്‍ഡാകുന്നുണ്ട്.
Content Highlights: husky dance viral video trending