ഭാര്യയ്ക്ക് ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍

ജമാലും സൂദിയും | Photo: Instagram / Soudi
ജമാലും സൂദിയും | Photo: Instagram / Soudi

ഭാര്യയുടെ ബീച്ച് സന്ദര്‍ശനത്തിന് സ്വകാര്യതയൊരുക്കാന്‍ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നല്‍കി ഭര്‍ത്താവ്. സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് സാമൂഹികമാധ്യമപോസ്റ്റിലൂടെ അവകാശപ്പെട്ടിരിക്കുന്നത്. ദ്വീപിന്റെ വീഡിയോയും യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു.

"നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു", എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

 മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് സൂദി. തന്റെ സ്വകാര്യജീവിതത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ സൂദി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.

സൂദിയ്ക്ക് സമ്മാനമായി ഒരു മില്യണ്‍ ഡോളര്‍ (എട്ടുകോടിയിലേറെ രൂപ) വിലമതിക്കുന്ന വജ്രമോതിരവും രണ്ട് മില്യണ്‍ ഡോളര്‍ ( ഏകദേശം 16 കോടിയിലേറെ രൂപ) വിലവരുന്ന ആര്‍ട്ട് വര്‍ക്കും ജമാല്‍ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു. 

സൂദി പങ്കുവെച്ച ദ്വീപ് വീഡിയോ ഇതിനോടകം രണ്ടര മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. ദ്വീപിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൂദി പങ്കുവെച്ചിട്ടില്ല. ഏഷ്യയിലാണെന്നും 50 മില്യണ്‍ ഡോളര്‍ (ഏകദേശം 400 കോടി രൂപ) വിലനല്‍കിയെന്നും സൂദി പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. 


 

Content Highlights: Husband buys dollars 50 million private island so that wife can wear a bikini