'റീച്ചാർജ് ചെയ്യാൻ പണമില്ല, എന്തെങ്കിലും തരണേ...'; റോഡരികിൽ ഭിക്ഷയെടുത്ത് റോബോട്ട് | വീഡിയോ വൈറൽ

#Lifestyle Desk
ജി1 റോബോട്ട് ഭിക്ഷയെടുക്കുന്നു | Photos: x.com/TheInsiderPaper, Enhanced with AI
ജി1 റോബോട്ട് ഭിക്ഷയെടുക്കുന്നു | Photos: x.com/TheInsiderPaper, Enhanced with AI

ജീവിക്കാനായി ഭിക്ഷയെടുക്കുന്ന ഒട്ടേറെ പേരെ നമുക്ക് ചുറ്റും കാണാം. എന്നാൽ, റോബോട്ട് ഭിക്ഷയെടുക്കുമോ? റോബോട്ടുകളും ഭിക്ഷയെടുക്കും എന്നാണ് ചൈനയിൽനിന്നുള്ള വീഡിയോ കാണിച്ചുതരുന്നത്. റോഡരികിലിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു ഹ്യുമനോയിഡ് റോബോട്ടാണ് വീഡിയോയിലുള്ളത്. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വെറുതേയല്ല, റോബോട്ട് ഭിക്ഷയായി പണം ചോദിക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. തന്റെ ബാറ്ററി റീച്ചാർജ് ചെയ്യാനുള്ള വൈദ്യുതി ബിൽ അടയ്ക്കാനാണ് റോബോട്ട് ഭിക്ഷയെടുക്കുന്നത്. നടപ്പാതയിൽ മുട്ടുകുത്തിയിരുന്ന് കൈകൂപ്പിയാണ് റോബോട്ട് യാചിക്കുന്നത്. തൊട്ടടുത്തായി ആളുകൾക്ക് പണമിടാനായി ഭിക്ഷാപാത്രവും ഡിജിറ്റൽ പെയ്‌മെന്റിനുള്ള ക്യുആർ കോഡും കാണാം.

'വൈദ്യുതി ബിൽ അടയ്ക്കാനായി സഹായിക്കൂ' എന്ന് പ്രദർശിപ്പിക്കുന്ന എൽഇഡി ബോർഡും റോബോട്ടിന്റെ അരികിൽ കാണാം. ഒപ്പം ലൗഡ് സ്പീക്കറിലൂടെ 'റീച്ചാർജ് ചെയ്യാൻ പണമില്ല' എന്ന് ചൈനീസ് ഭാഷയിൽ ഉറക്കെ പറയുന്നുമുണ്ട് റോബോട്ട്. ആളുകൾ നാണയത്തുട്ടുകൾ പാത്രത്തിലിട്ടും ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണം അയച്ചും റോബോട്ടിനെ ‘സഹായിക്കു’കയും ചെയ്തിട്ടുണ്ട്. രസകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്.

രസകരമായ ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഭിക്ഷക്കാരുടെ പോലും ജോലിക്ക് എഐ ഭീഷണിയാകുന്നു എന്നാണ് ഒരാൾ കമന്റിട്ടത്. മാർക്കറ്റിങ് തന്ത്രമാണോ ഇതെന്നാണ് മറ്റു ചിലർ സംശയമുന്നയിച്ചത്. പണമുണ്ടാക്കാനുള്ള വിചിത്രമായ മാർഗമായും ചിലർ ഇതിനെ കണ്ടു. ബീജിങ്ങിൽ നേരത്തേയും 'റോബോട്ട് ഭിക്ഷാടകരെ' കണ്ടിട്ടുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യൂനിട്രീ നിർമിച്ച യൂനിട്രീ ജി1 എന്ന ഹ്യുമനോയിഡ് റോബോട്ടാണ് ഇത്. ഈ വർഷം ആദ്യവും യൂനിട്രീ ജി1 വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇക്വഡോറിലെ ചിംബൊരാസോ അഗ്നിപർവത്തിന് മുകളിൽ കയറിയതാണ് അന്ന് വലിയ വാർത്തയായത്. സമുദ്രനിരപ്പിൽനിന്ന് 20,341 അടി ഉയരമുള്ള പർവതമാണ് റോബോട്ട് കീഴടക്കിയത്.

ഇത്രയും ഉയരത്തിലേക്ക് കയറുന്ന ലോകത്തെ ആദ്യ ഹ്യുമനോയിഡ് എന്ന ബഹുമതി ജി1 സ്വന്തമാക്കി. കൂടാതെ, കഠിനമായ തണുപ്പിലും കുറഞ്ഞ വായുമർദത്തിലും റോബോട്ടിന്റെ ബാറ്ററിയും മറ്റ് സിസ്റ്റങ്ങളും തകരാറാകാതെ പ്രവർത്തിക്കുമെന്നും ഇതോടെ തെളിഞ്ഞു. 16 മണിക്കൂറെടുത്താണ് ജി1 ചിംബൊരാസോ കീഴടക്കിയത്. കഠിനമായ തണുപ്പിൽനിന്നുള്ള സംരക്ഷണത്തിനായി പ്രത്യേക കമ്പിളി വസ്ത്രങ്ങളും മഞ്ഞിൽ നടക്കാനുള്ള ഷൂസും റോബോട്ടിനെ ധരിപ്പിച്ചിരുന്നു.

Content Highlights: A viral video shows a Unitree G1 humanoid robot begging on a sidewalk in Sichuan, China, to collect money to pay its electricity recharge bill. The robot kneels, uses a QR code and a bowl for digital payments, and requests financial help through loudspeakers.