യുട്യൂബ് വ്‌ളോഗിലൂടെ സിനിമയേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നു; തുറന്നുപറഞ്ഞ് ഫറാ ഖാന്‍

മേം ഹൂം നാ, ഓം ശാന്തി ഓം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായികയാണ് ഫറാ ഖാന്‍. എന്നാല്‍ ഈ സിനിമകളില്‍ നിന്നെല്ലാം ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം തനിക്ക് കണ്ടന്റ് ക്രിയേഷനിലൂടെ ലഭിക്കുന്നുണ്ടെന്ന് യുട്യൂബര്‍ കൂടിയായ ഫറാ ഖാന്‍ പറയുന്നു. ടെന്നീസ് താരം സാനിയ മിര്‍സയുമായി 'സെര്‍വിംഗ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന ഷോയില്‍ നടത്തിയ രസകരമായ ഒരു സംഭാഷണത്തിനിടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറിയോഗ്രാഫറില്‍ നിന്ന് സംവിധായികയായി മാറിയ അവര്‍ തന്റെ വേറിട്ട കരിയര്‍ യാത്രയെക്കുറിച്ചും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്.
കൊറിയോഗ്രാഫി, സംവിധാനം, കണ്ടന്റ് ക്രിയേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ സാനിയ തമാശരൂപേണ ഫറായോട് ആവശ്യപ്പെട്ടപ്പോള്‍, ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഡിജിറ്റല്‍ കണ്ടന്റ് നിര്‍മിക്കുന്നതിലൂടെയാണെന്ന് ഫറാ സമ്മതിച്ചു. 300 കോടിയിലധികം കളക്ഷന്‍ നേടിയ ഒരു സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് ഇത് പറയുന്നതെന്ന് സാനിയ ഫറയെ ഓര്‍മിപ്പിച്ചു.
എന്നിരുന്നാലം ചലച്ചിത്ര നിര്‍മാണത്തേക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വരുമാനം തനിക്ക് യുട്യൂബ് വ്‌ളോഗിലൂടെ ലഭിച്ചിട്ടുണ്ടെന്ന് ഫറ തുറന്നു പറഞ്ഞു. വ്‌ളോഗ്ഗിങ്ങില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുമെങ്കിലും തന്റെ യഥാര്‍ത്ഥ അഭിനിവേശം സംവിധാനത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഷെഫ് ദിലീപിനൊപ്പം സെലിബ്രിറ്റികളുടെ വീട്ടിലേക്കുള്ള യാത്രയുടെ യുട്യൂബ് വ്‌ളോഗുകളാണ് ഫറ പങ്കുവെയ്ക്കാറുള്ളത്. സെലിബ്രിറ്റികളുടെ വീടുകളും ഫ്‌ളാറ്റുകളും പരിചയപ്പെടുത്തുന്നതിനൊപ്പം അവര്‍ ഫറയ്ക്കും ദിലീപിനും ഭക്ഷണമുണ്ടാക്കി കൊടുക്കാറുമുണ്ട്. അവരുടെ സ്വാഭാവികമായ സംഭാഷണങ്ങളും ദൈനംദിന നര്‍മങ്ങളും താരങ്ങളുടെ ജീവിതത്തിലെ അണിയറക്കാഴ്ചകളുമാണ് ഈ വ്‌ളോഗുകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം.
ഷാരൂഖ് ഖാന്റെ 'മേം ഹൂം നാ'യിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ച ഫറാ, പിന്നീട് 'ഓം ശാന്തി ഓം', 'ഹാപ്പി ന്യൂ ഇയര്‍' എന്നീ രണ്ട് വിജയചിത്രങ്ങള്‍ കൂടി ഒരുക്കി. ഇതില്‍ 2014-ല്‍ പുറത്തിറങ്ങിയ 'ഹാപ്പി ന്യൂ ഇയര്‍' ആ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളില്‍ ഒന്നായി മാറി.
Content Highlights: how much does farah khan earn from her youtube vlogs