‘എണ്ണമറ്റ ഓര്‍മകൾ ബാക്കിയാക്കി അദ്ദേഹം മടങ്ങി...’- ധര്‍മേന്ദ്രയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഹേമമാലിനി

ബോളിവുഡിലെ ഇതിഹാസതാരം ധര്‍മേന്ദ്രയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ഇപ്പോഴും സിനിമാലോകം. ചലച്ചിത്രരംഗത്തുള്ളവരും പുറത്തുള്ളവരുമായി നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. ഇപ്പോഴിതാ ധര്‍മേന്ദ്രയുടെ ഭാര്യയും ബോളിവുഡ് താരവുമായ ഹേമമാലിനി ധര്‍മേന്ദ്രയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
'ധരം ജീ' എന്ന് വിളിച്ചുകൊണ്ടാണ് ഹേമമാലിനി കുറിപ്പ് ആരംഭിക്കുന്നത്. 'അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്. ഞങ്ങളുടെ രണ്ട് പെണ്‍മക്കള്‍, ഇഷയുടേയും അഹാനയുടേയും വാത്സല്യനിധിയായ പിതാവ്. സുഹൃത്ത്, തത്വചിന്തകന്‍, മാര്‍ഗദര്‍ശി, കവി, ആവശ്യമുള്ളപ്പോഴെല്ലാം എനിക്ക് സമീപിക്കാന്‍ കഴിയുന്നയാള്‍.... - വാസ്തവത്തില്‍ അദ്ദേഹം എനിക്ക് എല്ലാമെല്ലാമായിരുന്നു. നല്ല സമയമാകട്ടെ, മോശം സമയമാകട്ടെ, എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു.' -ഹേമമാലിനി കുറിച്ചു.
'ലാളിത്യം നിറഞ്ഞ, സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും എല്ലാവരോടും എല്ലായ്‌പ്പോഴും വാത്സല്യവും താത്പര്യവും പ്രകടിപ്പിച്ചുകൊണ്ടും അദ്ദേഹം എന്റെ കുടുംബാംഗങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി മാറി. പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവ്, വലിയ ജനപ്രീതിയുടെ നടുവിലും അദ്ദേഹത്തിനുള്ള വിനയം, വലിയ ആകര്‍ഷണീയത എന്നിവയെല്ലാം അദ്ദേഹത്തെ അതുല്യനായ ബിംബമാക്കി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ പ്രശസ്തിയും നേട്ടങ്ങളും എക്കാലവും നിലനില്‍ക്കും.' -ഹേമമാലിനി തുടര്‍ന്നു.
'എന്റെ വ്യക്തിപരമായ നഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ ശൂന്യത എന്റെ ജീവിതത്തിലുടനീളം നിലനില്‍ക്കും. വര്‍ഷങ്ങള്‍ നീണ്ട ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണമറ്റ ഓര്‍മകളുമായി ഞാന്‍ ബാക്കിയായിരിക്കുന്നു.' -ഹേമമാലിനി പറഞ്ഞു. എക്‌സിലാണ് അവര്‍ വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം ഹേമമാലിനി പങ്കുവെച്ചു. നവംബർ 24-നാണ് ധർമേന്ദ്ര അന്തരിച്ചത്.
Content Highlights: 'He Was My Everything': Hema Malini Pens Emotional Tribute to Late Husband Dharmendra; Shares Grief and Uncountable Memories