'പുതിയ വസ്ത്രത്തിനായി സ്റ്റൈലിസ്റ്റുകളോടും ഡിസൈനര്‍മാരോടും യാചിച്ചിട്ടുണ്ട്'-ഹീരാമണ്ഡിയിലെ താജ്ദാര്‍

താഹ ഷാ | Photo: instagram/ taha shah
താഹ ഷാ | Photo: instagram/ taha shah

സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'ഹീരമണ്ഡി: ദ ഡയമണ്ട് ബസാറി'ലെ താജ്ദാര്‍ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധികമാരെയുണ്ടാക്കിയെടുത്ത നടനാണ് താഹ ഷാ. ബോളിവുഡില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയെടുക്കാനും ആ കഥാപാത്രത്തിലൂടെ താരത്തിന് കഴിഞ്ഞു. എന്നാല്‍ ഈ നേട്ടത്തിലെത്തുംമുമ്പ് ഇതായിരുന്നില്ല താഹയുടെ അവസ്ഥ. 

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളോട് പൊരുതിയാണ് പ്രശസ്തിയിലേക്കുയര്‍ന്നതെന്ന് താഹ പറയുന്നു. ഒരു കാലത്ത് പരിപാടികള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും ധരിക്കാന്‍ വസ്ത്രമില്ലാതെ യാചിച്ചുനടന്നിരുന്ന കാലമുണ്ടായിരുന്നെന്ന് താഹ പറയുന്നു. ഓരോ തവണ പൊതുവേദികളില്‍ എത്തുമ്പോഴും പുതിയ സ്റ്റൈലിലെ വസ്ത്രം ധരിക്കണമെന്ന് ബോളിവുഡിന്റെ എഴുതപ്പെടാത്ത നിയമമാണ്. അതിനാലാണ് താന്‍ ഏറെ ബുദ്ധിമുട്ടിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു.

'ഓരോ വേദിയിലും ഓരോ വസ്ത്രങ്ങള്‍ എന്നത് എനിക്ക് സങ്കല്‍പിക്കാന്‍ പോലും ആകുമായിരുന്നില്ല. അത്രയും പണം എന്റെ കൈയിലില്ലായിരുന്നു. അത് വലിയ സമ്മര്‍ദ്ദമാണ് എനിക്ക് നല്‍കിയത്. അന്ന് സ്റ്റൈലിഷ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. പല അവസരങ്ങളിലും സ്റ്റൈലിസ്റ്റുകളോടും ഡിസൈനര്‍മാരോടും അപേക്ഷിക്കുകയും യാചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ അവസ്ഥയെല്ലാം മാറി. ഞാന്‍ ആവശ്യപ്പെടാതെ തന്നെ വസ്ത്രങ്ങള്‍ എത്തിച്ചുതരാന്‍ ഡിസൈനര്‍മാരും സ്റ്റൈലിസ്റ്റുകളും ചുറ്റുമുണ്ട്.' അഭിമുഖത്തില്‍ താഹ പറയുന്നു.

വസ്ത്രങ്ങളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് തന്നെ സഹായിച്ചത് പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണെന്നും താഹ പറയുന്നു. പല പരിപാടികള്‍ക്കും മനീഷ് മല്‍ഹോത്ര നടനെ ക്ഷണിക്കുകയും അതിന് ചേരുന്ന വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ലോസ് ആഞ്ജലിസ് ചലച്ചിത്ര മേളയിലും ദുബായ് യാത്രയിലുമെല്ലാം മനീഷ് മല്‍ഹോത്ര നല്‍കിയ വസ്ത്രങ്ങളാണ് താരം ധരിച്ചത്. എന്നാല്‍ ഇവയ്‌ക്കൊന്നും അദ്ദേഹത്തിന് പണം നല്‍കിയിട്ടില്ലെന്നും താഹ വെളിപ്പെടുത്തുന്നു.
 

Content Highlights: heeramandis taha shah shares his struggling days