ആദ്യത്തെ കല്ല്യാണത്തിന് ആരേയും വിളിക്കാന്‍ പറ്റിയില്ല; വീണ്ടും വിവാഹിതരായി ഹാര്‍ദികും നടാഷയും

പ്രണയദിനത്തില്‍ വീണ്ടും വിവാഹിതരായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും. രാജസ്ഥാനിലെ ഉദയ്പുരിലെ ആഡംബര ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ മുഖ്യ ആകര്‍ഷണം ഇരുവരുടേയും മകന്‍ അഗസ്ത്യയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഹാര്‍ദിക്കും നടാഷയും ആദ്യം വിവാഹം ചെയ്തത്. അന്ന് ആരേയും ക്ഷണിക്കാതെ രഹസ്യമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. 2020 മെയ് 31-നാണ് ഇവര്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ ജൂലൈയില്‍ ഇരുവര്‍ക്കും കുഞ്ഞും പിറന്നു.
തൂവെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ഗൗണാണ് നടാഷ ധരിച്ചത്. ശാന്തനുവും നിഖിലും ചേര്‍ന്നാണ് ഗൗണ്‍ ഒരുക്കിയത്. ഇതിനൊപ്പം പേള്‍ മാലയും പെയര്‍ ചെയ്തു. കറുപ്പ് സ്യൂട്ട് ആയിരുന്നു ഹാര്‍ദിക്കിന്റെ വിവാഹ വസ്ത്രം. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'മൂന്ന് വര്‍ഷം മുമ്പ് ഞങ്ങളെടുത്ത പ്രതിജ്ഞകള്‍ പുതുക്കി സ്‌നേഹത്തിന്റെ ഈ ദ്വീപില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചു. ഞങ്ങളുടെ സ്‌നേഹം ആഘോഷിക്കാന്‍ കുടുംബവും സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്'-ചിത്രങ്ങള്‍ക്കൊപ്പം ഹാര്‍ദിക് കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റകളടക്കം നിരവധി പേരാണ് കമന്റ് ചെയ്തത്. കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, സാനിയ മിര്‍സ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഉമ്രാന്‍ മാലിക്ക്, സാക്ഷി സിങ്ങ് ധോനി തുടങ്ങി നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു.
Content Highlights: hardik pandya and natasa stankovic get remarried in udaipur