'വേര്‍പിരിഞ്ഞതിന്റെ കാരണം ചികയുന്നതെന്തിന്?; അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം'

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും സോഷ്യല്‍ മീഡിയിയല്‍ കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി.വി പ്രകാശ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകളോടും അഭ്യൂഹങ്ങളോടുമുള്ള പ്രതികരണം ഒരു നീണ്ട കുറിപ്പിലൂടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു പ്രകാശ്. രണ്ടുപേര്‍ പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ അതിന്റെ കാരണങ്ങള്‍ ചികയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.
'കൃത്യമായ ധാരണകളില്ലാതെ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പേരുടെ മനസ് വേദനിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഞങ്ങള്‍ സെലിബ്രിറ്റികളായുതകൊണ്ട് മാത്രം ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നതും തരംതാഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാകില്ല. ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്തികളെ ബാധിക്കുമെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം തമിഴര്‍ അധ:പതിച്ചോ?
എല്ലാവരുടേയും വികാരങ്ങള്‍ മാനിക്കണം. രണ്ടുപേര്‍ പരസ്പരധാരണയോടെ വേര്‍പിരിഞ്ഞുവെങ്കില്‍ പിന്നീട് എന്തിനാണ് അതിലെ കാരണങ്ങള്‍ ചികയുന്നത്? എന്താണ് കാരണമെന്ന് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാം. എല്ലാവരോടും കൂടിയാലോചിച്ചതിന് ശേഷമാണ് വിവാഹമോചനം എന്ന തീരുമാനം ഞങ്ങളെടുത്തത്. നിങ്ങള്‍ ഞങ്ങളെ പ്രശസ്തരാക്കിയതുകൊണ്ടോ ഞങ്ങളോടുള്ള അമിതസ്‌നേഹംകൊണ്ടോ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി.'-ജി.വി പ്രകാശ് പങ്കുവെച്ച കുറിപ്പില്‍ വിശദീകരിക്കുന്നു.
കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രകാശ് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
Content Highlights: gv prakash kumars respose to trolls after split announcement