സെപ്റ്റംബര്‍ എട്ട് ഇത്ര വിശേഷ ദിവസമോ?; ഗുരുവായൂരില്‍ നടക്കുന്നത് റെക്കോഡ് വിവാഹങ്ങള്‍

സെപ്റ്റംബര്‍ എട്ടുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്ന് തിരക്കുള്ള ദിവസമാണ് എന്നതാണ് കാരണം. 'സെപ്റ്റംബര്‍ എട്ടിനാണോ ചടങ്ങ്...വരാന്‍ നിര്‍വാഹമില്ല കേട്ടോ...തിരക്കൊഴിഞ്ഞ നേരമില്ല..ക്ഷമിക്കണം..' എന്നെല്ലാമാണ് ട്രോളുകളിലുള്ളത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലും അന്ന് തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. അന്ന് ഗുരുവായൂരില്‍ മാത്രമായി 328 വിവാഹങ്ങളാണ് നടക്കുന്നത്. ഇനിയും വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ഇത്രയും വിവാഹങ്ങള്‍ ഇതാദ്യമായാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഇതിന് മുമ്പ് 227 വിവാഹങ്ങള്‍ നടന്നതായിരുന്നു റെക്കോഡ്.
ക്ഷേത്രത്തിന് മുമ്പിലുള്ള നാല് കല്ല്യാണ മണ്ഡപങ്ങളാണ് വിവാഹങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാനായി ഒരുക്കിയ പ്രത്യേക മണ്ഡപവും ക്ഷേത്രത്തിലുണ്ട്. സെപ്റ്റംബര്‍ എട്ടിന് പാര്‍ക്കിങ്ങിനും മറ്റുമായി കൂടുതല്‍ സ്ഥലം ആവശ്യമായി വന്നേക്കാം. കൃത്യമായ ആസൂത്രണത്തോടെ വിവാഹങ്ങള്‍ നടത്തിയില്ലെങ്കില്‍ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ച്ചയിലെ ഞായറാഴ്ച്ച എന്നതാണ് സെപ്റ്റംബര്‍ എട്ടിന് കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതിന് ഒരു കാരണം. സെപ്റ്റംബര്‍ നാല്, അഞ്ച് തിയ്യതികളിലും ഗുരുവായൂരിലെ വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്.
Content Highlights: guruvayoor temple is set to witness record weddings in september 8