അതീവ ഗ്ലാമറസെന്ന് വിമർശനം; പ്രതികരണവുമായി മാത്യു ഹെയ്ഡന്റെ മകളും അവതാരകയുമായ ഗ്രേസ് ഹെയ്ഡൻ

കായികമേഖലയെ ശ്രദ്ധിക്കുന്നവർക്ക് സുപരിചിതമായ മുഖമാണ് ഗ്രേസ് ഹെയ്ഡൻ. ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്റെ മകളാണ് 23-കാരിയായ ഗ്രേസ്. ചാനൽ 7. സ്റ്റാർ സ്‌പോർട്‌സ്, ഫോക്‌സ് സ്‌പോർട്‌സ് തുടങ്ങിയ ചാനലുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗ്രേസ് പക്ഷേ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് നേരിടുണ്ട്. അതീവ ഗ്ലാമറസായി എത്തുന്നുവെന്നതാണ് ഗ്രേസിനെതിരായ വിമർശനത്തിന് കാരണം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ഗ്രേസ് ഹെയ്ഡൻ.
'മാധ്യമങ്ങളിലേയും കായികമേഖലയിലേയും സ്ത്രീകളെ കുറിച്ചുള്ള ചർച്ചകൾ നിരന്തരമായി വർധിച്ചുവരികയാണ്. സോഷ്യൽ മീഡിയയുടെ വരവോടെ പൊതു വ്യക്തികളെ കുറിച്ചുള്ള ചർച്ചകൾ സ്വാഭാവികമായും കൂടുതലായി. സത്യസന്ധമായി പറയട്ടെ, ലേബലുകളെ ശ്രദ്ധിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ മുൻഗണന എല്ലായ്‌പ്പോഴും ജോലിക്കാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ്, അതിന് മുന്നോടിയായുള്ള പഠിപ്പ്, ഞാൻ ഏറ്റെടുക്കുന്ന ഓരോ ജോലിയിലും പ്രൊഫഷണലായി ചെയ്യാനാണ് നോക്കുന്നത്.' -ഗ്രേസ് ഹെയ്ഡൻ ന്യൂസ് ഡോട് കോം ഡോട് എയുവിനോട് പറഞ്ഞു.
ട്രോളന്മാർ എന്ത് ചിന്തിച്ചാലും സ്ത്രീകൾക്ക് തങ്ങളുടെ ജോലിയിൽ ഒരേസമയം ഗ്ലാമറസായും വിശ്വസനീയതയോടെയും എത്താൻ കഴിയുമെന്നും ഗ്രേസ് പറയുന്നു. 'സ്‌പോർട്‌സ്, എന്റർടെയിൻമെന്റ്, ഫാഷൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ്. എന്നെ സംബന്ധിച്ച് ഇത് വളർച്ചയാണ്, എന്നെത്തന്നെ വെല്ലുവിളിക്കുകയാണ്. ജോലിക്കൊപ്പം ലഭിക്കുന്ന അവസരങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. ആത്മവിശ്വാസത്തിനും സ്റ്റൈലിനുമൊപ്പം പ്രൊഫഷണലായിരിക്കാനും കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' -ഗ്രേസ് തുടർന്നു.
'ടെലിവിഷൻ രംഗത്തും കായികരംഗത്തും ജോലി ചെയ്യുമ്പോൾ ആളുകൾക്ക് എല്ലായ്‌പ്പോഴും അഭിപ്രായങ്ങളുണ്ടാകുമെന്ന് നിങ്ങൾ സ്വാഭാവികമായി മനസിലാകും. എന്നാൽ ഞാൻ പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിച്ചു.' -ഗ്രേസ് പറഞ്ഞു.
Content Highlights: Grace Hayden, the 23-year-old daughter of Matthew Hayden and a prominent sports presenter, addressed trolls criticizing her glamorous appearance. She emphasized that her priority remains professionalism and preparation for her media roles.