'ബാല്യകാലം മുതലുള്ള എന്റെ പ്രണയിനിയാണ് എന്നെ കുറ്റപ്പെടുത്തുന്നത്'-ഭാര്യയുടെ ആരോപണത്തിനെതിരെ ഗോവിന്ദ

അടുത്തിടെ നടൻ ഗോവിന്ദയ്ക്കെതിരെ ഭാര്യ സുനിത വിവാഹേതര ബന്ധം ആരോപിച്ചിരുന്നു. പുതുമുഖ നടി കോമളുമായിട്ടാണ് ഗോവിന്ദയ്ക്ക് ബന്ധമെന്നും സുനിത വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഗോവിന്ദ. ഈ വിഷയത്തിൽ മൗനം പാലിച്ച കോമളിനോട് നന്ദി പറയുന്നുവെന്നും അവർ തന്നെ രക്ഷിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. സ്നേഹം ചിലപ്പോൾ നമ്മൾ വിചാരിക്കുന്നതുപോലെ സംഭവിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബാല്യാകാലം മുതലുള്ള എന്റെ പ്രണയിനിയാണ് എന്നെ കുറ്റപ്പെടുത്തുന്നത്. സ്നേഹത്തിന്റെ കാര്യത്തിൽ ചിലപ്പോൾ അത് ശരിയായി പ്രവർത്തിക്കണമെന്നില്ല. ഒരു കാളയെ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതിന് ശേഷം, അതിനെ അറുക്കാൻ അയയ്ക്കുന്നു.'-ഗോവിന്ദ വ്യക്തമാക്കി. തനിക്കൊപ്പം അഭിനയിച്ച നടിമാരെ താൻ ബഹുമാനിക്കുന്നുവെന്നും ഇതുവരെ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഗോവിന്ദ വ്യക്തമാക്കി. 'മിസ് യൂണിവേഴ്സ് സുസ്മിത സെൻ ഉൾപ്പെടെ നാല് പ്രധാന നടിമാർ എന്റെ നായികമാരായിട്ടുണ്ട്. ഞാൻ ആരേയും മോശം കണ്ണിലൂടെ നോക്കിയിട്ടില്ല. ആരോടും മോശമായി പെരുമാറിയിട്ടുമില്ല. ഒപ്പം അഭനയിച്ച നടിമാർ ഉൾപ്പെടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ അമ്മയും ഒരു നായികയായിരുന്നു. ഒരു നായികയോടും ഞാൻ മോശമായി പെരുമാറിയിട്ടില്ല'-ഗോവിന്ദ വ്യക്തമാക്കി.
സുനിതയുടെ ആരോപണങ്ങൾക്കുശേഷം പുതുമുഖ നടിമാർ തന്നോടൊപ്പം പ്രവർത്തിക്കാൻ വിമുഖത കാണിച്ചേക്കുമെന്ന് ഗോവിന്ദ കൂട്ടിച്ചേർത്തു. പുതുലമുറ ചിന്താശേഷിയുള്ളവരാണെന്നും അതിനാലാണ് അഭിമുഖത്തിൽ തന്റെ പേര് വലിച്ചിഴച്ചിട്ടും കോമൾ പ്രതികരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മകൻ യശ് വർധനെ സിനിമയിലെത്താൻ ഗോവിന്ദ സഹായിച്ചിട്ടില്ലെന്നും സുനിത ആരോപിച്ചിരുന്നു. ഇതിനും നടൻ മറുപടി നൽകി. ഒരു പരാജയപ്പെട്ടവനായാണ് കുടുംബം തന്നെ കണ്ടതെന്നും കുടുംബാംഗങ്ങൾ തന്നെ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ താൻ എവിടെപ്പോകാനാണെന്നും അദ്ദേഹം ചോദിച്ചു.
'യശിനെ സഹായിക്കാൻ ഞാൻ സാജിദ് നദിയാദ്വാലയോട് ആവശ്യപ്പെടുകയും സിനിമകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന് പഠിക്കാൻ അദ്ദേഹം തന്റെ ക്യാബിൻ യശിന് നൽകുകയും ചെയ്തു. കൂടാതെ വീട്ടിൽ എന്നോട് ഇതിനെക്കുറിച്ച് അധികം സംസാരിച്ചിട്ടില്ല. സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടുവെന്ന തരത്തിലാണ് കുടുംബാംഗങ്ങൾ പെരുമാറിയിരുന്നത്. എനിക്ക് കുറഞ്ഞത് 18 സംവിധായകരെയും 19-20 നിർമാതാക്കളെയും ലഭിച്ചു. ദൈവം എനിക്ക് സമയം നൽകിയപ്പോൾ, ഞാൻ കഠിനമായി ശ്രമിച്ചു. യശ് എന്നെക്കാൾ മികച്ച നടനാകും. സാങ്കേതികമായി എന്നെക്കാൾ മികച്ചവനാണ് അവൻ.' -ഗോവിന്ദ വ്യക്തമാക്കി. മക്കൾക്കുവേണ്ടിയാണ് ഏതാനും വർഷം മുമ്പ് രാഷ്ട്രീയം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: govinda thanks newcomer komal for staying quiet after wife sunita ahuja alleged affair between them