'സുനിത ഒരു കുഞ്ഞിനെപ്പോലെയാണ്, എന്താണ് പറയേണ്ടതെന്ന് അവര്ക്ക് അറിയില്ല, ഒരുപാട് തവണ മാപ്പ് നല്കിയിട്ടുണ്ട്'

നടന് ഗോവിന്ദയും ഭാര്യ സുനിത അഹൂജയും തമ്മില് അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും വിവാഹമോചിതരാകാന് ഒരുങ്ങുകയാണെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഗണേശ ചതുര്ത്ഥി ആഘോഷത്തിനായി ഇരുവരും ഒരുമിച്ച് വന്നതോടെ ഈ ഊഹാപോഹങ്ങള്ക്കെല്ലാം വിരാമമായി. അടുത്തിടെ കജോളും ട്വിങ്കിള് ഖന്നയും അവതാരകരായെത്തുന്ന 'ടു മച്ച്' എന്ന ഷോയില് അതിഥിയായെത്തിയപ്പോള് ഗോവിന്ദ സുനിതയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് മനസ് തുറന്നു.
കുടുംബത്തിലെ 'കുഞ്ഞ്' എന്നാണ് സുനിതയെ ഗോവിന്ദ വിശേഷിപ്പിച്ചത്. 'അവള് സ്വയം ഒരു കുഞ്ഞാണ്. എന്റെ മക്കള് എന്റെ ഭാര്യയെ ഒരു കുഞ്ഞിനെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും അവള്ക്ക് നല്കിയ ഉത്തരവാദിത്തങ്ങള് നിറവേറ്റുന്നുണ്ട്. ഞങ്ങളുടെ വീട് കൈകാര്യം ചെയ്യാന് അവള്ക്ക് മാത്രമേ കഴിയൂ. നിഷ്കളങ്കയായ ഒരു കുഞ്ഞിനെപ്പോലെയാണ് അവളുടെ പെരുമാറ്റം. ചിലപ്പോള് അവള് പറയാന് പാടില്ലാത്ത കാര്യങ്ങള് പറയുന്നത് അതാണ്.'-ഗോവിന്ദ വ്യക്തമാക്കുന്നു.
ചില സമയങ്ങളില് സുനിതയുടെ കാഴ്ചപ്പാടില് നിന്ന് കാര്യങ്ങള് മനസ്സിലാക്കാന് പ്രയാസമാണെന്നും ഗോവിന്ദ പറഞ്ഞു. 'പുരുഷന്മാരുടെ പ്രശ്നം അവര്ക്ക് ആ രീതിയില് ചിന്തിക്കാന് കഴിയില്ല. ഞാന് എപ്പോഴും വിശ്വസിക്കുന്നത് പുരുഷന് വീട് ഭരിക്കുന്നു, എന്നാല് സ്ത്രീകള് ലോകം മുഴുവന് ഭരിക്കുന്നു എന്നാണ്,' അദ്ദേഹം കൂട്ടിച്ചേര്ത്തു.
സുനിത അവളുടെ തെറ്റുകള് തിരുത്താറുണ്ടോ എന്ന് ചോദിച്ചപ്പോള് ഗോവിന്ദ പറഞ്ഞു, 'അവള് തന്നെ ഒരുപാട് തെറ്റുകള് ചെയ്തിട്ടുണ്ട്. ഞാനവള്ക്കും കുടുംബത്തിനും ഒരുപാട് തവണ മാപ്പ് നല്കിയിട്ടുണ്ട്. നമ്മള് അവരെ ഒരുപാട് ആശ്രയിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ അമ്മ കൂടെയില്ലെങ്കില്, നിങ്ങള് ഭാര്യയെ ഒരുപാട് ആശ്രയിക്കും. കാലം കഴിയുമ്പോള്, അവള് ഒരമ്മയെപ്പോലെ നിങ്ങളെ ശകാരിക്കാന് തുടങ്ങും, ഒരമ്മയെപ്പോലെ കാര്യങ്ങള് പറഞ്ഞുതരികയും ചെയ്യും. അവരത് തിരിച്ചറിയുന്നില്ല, പക്ഷേ നമ്മളത് കാണുന്നു. അവര് ഇപ്പോള് എങ്ങനെ മാറിയെന്നും ഭാര്യയായി വീട്ടിലെക്ക് വന്ന സമയത്ത് എങ്ങനെയായിരുന്നുവെന്നും നമുക്ക് മനസിലാക്കാന് കഴിയും' ഗോവിന്ദ പറയുന്നു.
ഏതാനും മാസങ്ങള്ക്ക് മുന്പ് നടന്ന അഭിമുഖങ്ങളില് സുനിത അഹൂജ ഗോവിന്ദയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഹിന്ദി റഷുമായുള്ള അഭിമുഖത്തില് ഗോവിന്ദയുടെ റൊമാന്റിക് വശത്തെക്കുറിച്ചാണ് സുനിതയോട് അവതാരക ചോദിച്ചത്. 'അടുത്ത ജന്മത്തില് എന്റെ ഭര്ത്താവാകരുതെന്ന് ഞാന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അവധിക്കാലത്ത് എങ്ങോട്ടും പോകാറില്ല. ഭര്ത്താവിനൊപ്പം പുറത്തുപോകാനും തെരുവോരങ്ങളില് നിന്ന് പാനി പൂരി കഴിക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്. അദ്ദേഹം ഒരുപാട് സമയം ജോലിക്ക് വേണ്ടി ചിലവഴിച്ചു. ഞങ്ങള് രണ്ടുപേരും ഒരുമിച്ച് ഒരു സിനിമ കാണാന് പോയ ഒരൊറ്റ സന്ദര്ഭം പോലും ഞാന് ഓര്ക്കുന്നില്ല.'-എന്നായിരുന്നു സുനിതയുടെ മറുപടി.
ഗോവിന്ദയും സുനിത അഹൂജയും 1987 മാര്ച്ചിലാണ് വിവാഹിതരായത്. 1988-ല് മകള് ടീന ജനിച്ചതിന് ശേഷമാണ് ഇരുവരും തങ്ങളുടെ വിവാഹം പരസ്യമാക്കിയത്. വര്ഷങ്ങള്ക്ക് ശേഷം, 1997-ല് അവര്ക്ക് മകന് യാഷ്വര്ദ്ധന് ജനിച്ചു.
Content Highlights: govinda says he has forgiven wife sunita ahuja for things she shouldnt say