'എന്റെ ലോകം നീയാണ്...'; മഞ്ജിമയ്ക്ക് പിറന്നാൾ ആശംസകളുമായി ഗൗതം കാർത്തിക്

#Lifestyle desk
മഞ്ജിമയക്കൊപ്പം ഗൗതം കാർത്തിക് (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: gauthamramkarthik
മഞ്ജിമയക്കൊപ്പം ഗൗതം കാർത്തിക് (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: gauthamramkarthik

നടി മഞ്ജിമ മോഹന് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭർത്താവും നടനുമായ ഗൗതം കാർത്തിക്. മഞ്ജിമയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഗൗതം തന്റെ  സ്നേഹം പ്രകടിപ്പിച്ചത്.

‘എനിക്ക് നീ എത്ര വലിയ അനുഗ്രഹമാണെന്ന് ലോകം അറിഞ്ഞിരുന്നെങ്കിൽ...’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, മഞ്ജിമ തന്റെ ജീവിതത്തിലേക്ക് വന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന് ഗൗതം പറയുന്നു.

‘മറ്റെല്ലാ ദിവസങ്ങളിലുംവെച്ച് ഞാൻ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ഈ ദിവസമാണ്. നീ എന്റെ ലോകത്തേക്ക് വന്നതോടെ ലോകം കൂടുതൽ മനോഹരമായി’- കാർത്തിക്കിൻ്റെ പോസ്റ്റിൽ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധികളിൽ മഞ്ജിമ നൽകുന്ന പിന്തുണയെക്കുറിച്ചും ഗൗതം കുറിച്ചിട്ടുണ്ട്. ‘ജീവിതമെന്ന ഭയപ്പെടുത്തുന്ന യാത്രയിൽ നീയെന്റെ കരുത്തും കവചവുമായിരുന്നു. നിന്റെ സ്നേഹവും കരുണയും കൊണ്ട് മാത്രമാണ് ഈ യാത്ര ഇത്ര മനോഹരമായത്. ഇന്ന് നിന്റെ ജന്മദിനമാണ്, പക്ഷേ ഏറ്റവും വലിയ സമ്മാനം ലഭിച്ചത് എനിക്കാണ്'- ഗൗതം കുറിച്ചു.

ഗൗതമിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും മഞ്ജിമയ്ക്ക് ആശംസകളുമായെത്തി. ദേവരാട്ടം എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2022-ലാണ് വിവാഹിതരായത്.

Content Highlights: Gautham Karthik's emotional birthday tribute to Manjima Mohan