കളരി പഠിക്കാൻ കേരളത്തിലെത്തി, ഒടുവിൽ വിവാഹവും ഇവിടെ; കാമിലയ്ക്കും ഡൊമിനിക്കിനും പ്രണയസാഫല്യം

വിഴിഞ്ഞം: കളരിയും യോഗയും പഠിക്കാനെത്തിയവർ തമ്മിൽ കണ്ടു, ഇഷ്ടപ്പെട്ടു. വിവാഹം കഴിക്കാൻ തീരുമാനിച്ച് കല്യാണക്കുറിയും അടിച്ചു. തുടർന്ന് തങ്ങളുടെ നാട്ടിലുള്ളവരെയും കോവളത്തുള്ളതുമായ സുഹൃത്തുക്കളെയും വിവാഹത്തിനു ക്ഷണിച്ചു. ബുധനാഴ്ച രാവിലെ 10-നും 10.25-നും മധ്യേയുള്ള മുഹൂർത്തത്തിൽ വിഴിഞ്ഞം പിറവിളാകം മേലാംകോട് ദേവീക്ഷേത്രത്തിൽ അവർ വിവാഹിതരായി. ഡെൻമാർക്ക് സ്വദേശിനിയായ കാമിലയും അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിയായ ഡൊമിനിക്കുമാണ് വിവാഹിതരായത്.
ഹിന്ദുമതാചാരപ്രകാരം വിവാഹം വേണമെന്ന ഇവരുടെ ആഗ്രഹത്തെത്തുടർന്ന് കളരിയും യോഗയും പഠിപ്പിക്കുന്ന ഗുരുതന്നെയാണ് ശിഷ്യരുടെ വിവാഹത്തിനുള്ള സൗകര്യങ്ങളൊരുക്കിയത്.
ഇരുവരും രക്ഷിതാക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് വിവാഹിതരായത്. ക്ഷേത്രം ശാന്തി അനിൽകുമാർ മുഖ്യകാർമികത്വം വഹിച്ചു.
Content Highlights: A Danish & American couple who met while learning Yoga & Kalari in kovalam tied the knot