ഈ നഗരത്തിലെത്തുന്നവർ ശ്രദ്ധിക്കുക, യാചകർക്ക് ഭിക്ഷനൽകിയാൽ കേസ് പിറകേവരും; മുന്നറിയിപ്പ് നൽകി അധികൃതർ

സൂക്ഷിച്ചോളൂ, ഇന്ത്യയിലെ ഈ നഗരത്തിലെത്തി യാചകർക്ക് പണം നൽകിയാൽ നിങ്ങൾക്കെതിരേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ഏതാണ് ആ നഗരം എന്നല്ലേ. മധ്യപ്രദേശിലെ ഇന്ദോർ ആണ് ആ സ്ഥലം. യാചകരില്ലാത്ത നഗരം എന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ജനുവരി ഒന്നുമുതലാണ് ഇത് നടപ്പാകുക.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ഇന്ദോർ. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന നഗരത്തെ യാചകരില്ലാത്ത ഇടംകൂടിയാക്കി മാറ്റാനാണ് അധികൃതരുടെ നീക്കം. ഇന്ദോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അവിനാഷ് സിങ് പറഞ്ഞു. ഭിക്ഷാടനത്തിനെതിരായ ബോധവത്കരണ കാമ്പയിനുകൾ ഈ മാസം അവസാനംവരെ തുടരും.
ജനുവരി ഒന്നുമുതൽ ആരെങ്കിലും ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ആളുകൾക്ക് ഭിക്ഷ നൽകുക എന്ന തെറ്റിൽ പങ്കാളികളാകരുതെന്ന് ഇന്ദോറിലെ എല്ലാ താമസക്കാരോടും അഭ്യർഥിക്കുകയാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇന്ദോറിന്റെ തെരുവുകളെയും യാചകരില്ലാത്തയിടമാക്കി മാറ്റുന്നത്. ഡൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോർ, ലഖ്നൗ, മുംബൈ, നാഗ്പുർ, പട്ന, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്.
ഭിക്ഷാടന വിരുദ്ധ പ്രചാരണം നടത്തുന്നതിനിടെ ഇന്ദോർ ഭരണകൂടം പല ഞെട്ടിക്കുന്ന സംഗതികളും കണ്ടെത്തിയിട്ടുണ്ട്. ചില യാചകർക്ക് നല്ല വീടുണ്ട്. മറ്റ് ചിലരുടെ മക്കൾ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഒരു യാചകനിൽനിന്ന് 29,000 രൂപ കണ്ടെത്തി. മറ്റൊരാൾ പണം വായ്പ കൊടുത്ത് പലിശ വാങ്ങുന്നുണ്ടായിരുന്നു. രാജസ്ഥാനിൽനിന്ന് ഒരു സംഘം, കുട്ടികളുമായി ഇവിടെ ഭിക്ഷാടനത്തിനായി എത്തിയിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽനിന്നാണ് അവരെ രക്ഷപ്പെടുത്തിയത്, പ്രോജക്ട് ഓഫീസർ ദിനേഷ് മിശ്ര പറഞ്ഞു.
Content Highlights: fir will be registered against those who give money to beggars in this indian city