സിനിമയില്‍ മാത്രമല്ല സൂപ്പര്‍ഹീറോകള്‍; ഫുഡ് ഡെലിവെറിക്കിടേയുള്ള ഒഴിവുസമയത്ത് മകളെ പഠിപ്പിക്കുന്ന അച്ഛന്‍

ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് പലരും. ഇതിനിടയിലും അവര്‍ സന്തോഷം കണ്ടെത്താനും ശ്രമിക്കുന്നു. അത്തരത്തില്‍ ജോലിത്തിരക്കിനിടയിലും മകളെ പഠിപ്പിക്കുന്ന ഒരു ഫുഡ് ഡെലിവെറി ഏജന്റിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അഭിഗ്യ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇപ്പോഴും ചര്‍ച്ചയാകുകയാണ്.
ഒരു റെസിഡെന്‍ഷ്യല്‍ കെട്ടിടത്തിലെ ലിഫ്റ്റിന് സമീപം ഇരിക്കുന്ന യുവാവ് അടുത്തിരിക്കുന്ന മകളെ പഠിക്കാന്‍ സഹായിക്കുന്നത് വീഡിയോയില്‍ കാണാം. സ്വിഗ്ഗിയുടെ ടീ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. എല്ലാ ഫുഡ് ഡെലിവെറിക്കും മകളെ കൂടെ കൊണ്ടുപോകുന്ന അച്ഛന്‍ ഓര്‍ഡറുകള്‍ക്കിടയില്‍ കിട്ടുന്ന സമയത്ത് മകളെ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. തനിക്ക് ലഭിക്കാതെ പോയതെല്ലാം തന്റെ മകള്‍ക്ക് നല്‍കുക എന്നതാണ് ഈ അച്ഛന്റെ ഒരേയൊരു ആഗ്രഹമെന്നും വീഡിയോയില്‍ കുറിച്ചിട്ടുണ്ട്.
'ഇതാ ഒരു യഥാര്‍ത്ഥ #SwiggyDad! ഈ അച്ഛന്റെ സ്‌നേഹം വിലമതിക്കാനാകില്ല. തന്റെ കുഞ്ഞിനെ തോളിലേറ്റി, പുഞ്ചിരിയോടെ ഡെലിവറികള്‍ നടത്തി, യാത്രയ്ക്കിടയില്‍ അവളെ പഠിപ്പിച്ച്... അദ്ദേഹം അതിജീവനത്തിന്റെ പ്രതീകമാണ്. അദ്ദേഹത്തിന്റെ പുഞ്ചിരിയും പരാജയം സമ്മതിക്കാത്ത മനോഭാവവും ചുറ്റുമുള്ള എല്ലാവര്‍ക്കും പ്രചോദനമാണ്! തന്റെ മകള്‍ക്കും ലോകത്തിനും അദ്ദേഹം എത്ര മഹത്തായ മാതൃകയാണ് നല്‍കുന്നത്!'-വീഡിയോയ്‌ക്കൊപ്പം യുവതി കുറിച്ചു.
എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ഒട്ടേറെപ്പേര്‍ അച്ഛനെ അഭിനന്ദിച്ച് കമന്റും ചെയ്തു. 'ഈ അച്ഛന്‍ ഒരു സൂപ്പര്‍ ഹീറോയാണ്. ദയവായി അദ്ദേഹത്തെ പിന്തുണയ്ക്കുകയും മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കുകയും ചെയ്യുക. അവള്‍ അദ്ദേഹത്തിന്റെ സഫലമാകാത്ത സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കട്ടെ'എന്നാണ് ഒരാള്‍ കുറിച്ചത്.
Content Highlights: fathers video goes viral for teaching daughter between food deliveries