ജെഴ്‌സിയുടെ പിന്നിൽ അമ്മയോടുള്ള സ്‌നേഹം; ഹാളണ്ടിന്റെ അതേ ക്ലബ്ബിൽ കളിച്ച ഭാര്യ, 23-ാം വയസിൽ അച്ഛനായി

ഹാളണ്ട് അമ്മയോടൊപ്പം/ ഹാളണ്ടും ഭാര്യ ഇസബെല്ലും | Photo: instagram/haaland/ Getty Images
ഹാളണ്ട് അമ്മയോടൊപ്പം/ ഹാളണ്ടും ഭാര്യ ഇസബെല്ലും | Photo: instagram/haaland/ Getty Images

ലോകകപ്പ് വേദിയിൽ ഒരു സ്‌ട്രൈക്കർ സ്വപ്‌നം കാണുന്നതെല്ലാം സ്വന്തമാക്കിയാണ് എർലിങ് ഹാളണ്ടിന്റെ കുതിപ്പ്. അരങ്ങേറ്റ ലോകകപ്പിൽ തന്നെ ഏഴ് ഗോളുകൾ നേടി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ഈ 25-കാരൻ. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ജനിച്ച ഈ നോർവേക്കാരന് ഫുട്‌ബോളിലേക്കുള്ള യാത്ര അത്ര പ്രയാസകരമായിരുന്നില്ല. വീട്ടിൽനിന്നു തന്നെ അതിനുള്ള പൂർണ പിന്തുണ കുട്ടിക്കാലം മുതൽ എർലിങ്ങിന് ലഭിച്ചിരുന്നു.

അച്ഛൻ ആൽഫി ഹാളണ്ട് ലീഡ്‌സ് യുണൈറ്റഡിന്റെ താരമായിരുന്നപ്പോഴാണ് ഹാളണ്ട് ജനിച്ചത്. അന്ന് കുടുംബത്തോടൊപ്പം ലീഡ്‌സിലായിരുന്നു താമസം. നോട്ടിങ്ഹാം ഫോറ്‌സ്റ്റ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബ്ബുകൾക്കായും ആൽഫി കളിച്ചിട്ടുണ്ട്. പക്ഷേ എർലിങ് ഹാളണ്ടിനെപ്പോലെ സ്‌ട്രൈക്കറായിരുന്നില്ല, മിഡ്ഫീൽഡറായിരുന്നു.

എർലിങ് ഹാളണ്ടിന്റെ അമ്മ ഗ്രൈ മാരിറ്റ ബ്രൗട്ടും കായികതാരമായിരുന്നു. 1990-കളിൽ നേർവേയുടെ ഹെപ്റ്റാത്തലൺ ചാമ്പ്യനായിരുന്നു ഇവർ. മൂന്നാം വയസിൽ ലീഡ്‌സിൽ നിന്ന് നോർവേയിലേക്ക് തിരിച്ചെത്തിയ എർലിങ് ഹാളണ്ട് ഫുട്‌ബോളിൽ മാത്രമല്ല തിളങ്ങിയത്. ഹാൻഡ്‌ബോളും ഗോൾഫും അത്‌ലറ്റിക്‌സുമെല്ലാം അവന്റെ ഇഷ്ടമത്സരങ്ങളായിരുന്നു. 2006-ൽ സ്റ്റാൻഡിങ് ലോങ് ജമ്പിൽ ലോക റെക്കോർഡ് നേടി അഞ്ച് വയസുകാരനായ എർലിങ് എല്ലാവരേയും അമ്പരപ്പിച്ചു. 1.63 മീറ്റർ പിന്നിട്ട എർലിങ് ഒരു അഞ്ച് വയസുകാരന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അതുമാത്രമല്ല, എർലിങ്ങിനെ ചുറ്റിപ്പറ്റി വ്യത്യസ്തമായ ഒരുപാട് കാര്യങ്ങളുണ്ട്. ലോകകപ്പിൽ ധരിക്കുന്ന ജെഴ്‌സിയാണ് അതിലൊരു പ്രത്യേകത. മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുമ്പോൾ എർലിങ്ങിന്റെ ജെഴ്‌സിയുടെ പിന്നിൽ ഹാളണ്ട് എന്ന് മാത്രമാണ് എഴുതിയിട്ടുണ്ടാകു. എന്നാൽ, നോർവേയുടെ ജെഴ്‌സിയിൽ അതിന്റെ കൂടെ ബ്രൗട്ട് എന്ന് കൂടിയുണ്ട്. തന്റെ അമ്മയോടുള്ള ബഹുമാനവും ആദരവുമായാണ് എർലിങ് അതിനെ കാണുന്നത്. അമ്മയുടെ കുടുംബപ്പേരാണ് ബ്രൗട്ട്. അച്ഛന്റേത് ഹാളണ്ടും. ഇത് രണ്ടും കൂട്ടിച്ചേർത്താണ് ബ്രൗട്ട് ഹാളണ്ട് എന്ന് ജെഴ്‌സിയിൽ എഴുതിയിരിക്കുന്നത്.

25-കാരനായ ഹാളണ്ട് ഒരു രണ്ട് വയസുകാരന്റെ പിതാവ് കൂടിയാണ്. 2021-ലാണ് എർലിങ് തന്റെ ജീവിതപങ്കാളി ഇസബെൽ ജൊനാസനുമായി ജീവിതം തുടങ്ങുന്നത്. നോർവേയിലെ ഒരേ സ്ഥലത്ത് നിന്ന് വരുന്ന ഇരുവരും കുട്ടിക്കാലം മുതലേ പരിചയക്കാരാണ്. എർലിങ്ങിനെപ്പോലെ ഇസബെല്ലും ഒരു ഫുട്‌ബോൾ താരമാണ്. എർലിങ് കളിച്ച ബ്രയ്ൻ എഫ്‌കെ ക്ലബ്ബിലൂടെയാണ് ഇസബെല്ലും ഫുട്‌ബോൾ തുടങ്ങിയത്.

എർലിങ്ങിനോട് ആദ്യം പ്രണയം തുറന്നുപറഞ്ഞത് ഇസബെല്ലാണ്. ഒരേ ക്ലബ്ബിലായതിനാൽ ഇസബെൽ തന്നെ ശ്രദ്ധിച്ചുവെന്നും തനിക്ക് മെസ്സേജ് അയച്ചുവെന്നും എർലിങ് നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എർലിങ് ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ ശേഷമാണ് ഇരുവരും ഡേറ്റിങ് തുടങ്ങുന്നത്. അന്ന് ഹാളണ്ടിന് 20 വയസായിരുന്നു പ്രായം. ഇസബെല്ലിന് 17-ഉം. 2024-ൽ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.

Content Highlights: Haaland's impressive performance in the 2026 World Cup with 7 goals., The significance of 'Braut' on his jersey honoring his mother., His athletic background and childhood world record in standing long jump., Details about his partner Isabel Johansen and their shared football roots., His transition from a young talent to a father at 25.