ഓഫീസിലെ ജോലിയും വീട്ടുകാര്യവും ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ല; ഒരു ലക്ഷം രൂപ ശമ്പളം നല്‍കി ഹോം മാനേജരെ നിയമിച്ച് യുവാവ്

ഓഫീസിലെ ജോലിക്കൊപ്പം വീട്ടുജോലിയും കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവര്‍ ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരനേയും വീട് വൃത്തിയാക്കാന്‍ ജോലിക്കാരനേയും നിയമിക്കാറുണ്ട്. എന്നാലും വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്കായി ആളെ വിളിക്കുന്നതും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം ബാക്കിയുണ്ടാകും. എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ മുഴുവനായി മറ്റൊരാളെ ഏല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഓഫീസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഹോം മാനേജര്‍ എന്ന പേരിലുള്ള ഈ ജോലി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഓരോ മാസവും നല്ല ശമ്പളം ഇവര്‍ക്ക് നല്‍കേണ്ടി വരുമെന്ന് മാത്രം.
ഏജന്റിക് വോയിസ് എഐ പ്ലാറ്റ്‌ഫോമായ ഗ്രേലാബ്‌സിന്റെ സ്ഥാപകനും സിഇഒയുമായ അമന്‍ ഗോയല്‍ ഇത്തരത്തില്‍ വീട്ടില്‍ ഒരു ഹോം മാനേജറെ നിയമിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ആസൂത്രണം, വസ്ത്രങ്ങള്‍, അറ്റകുറ്റപ്പണികള്‍, പലചരക്ക് സാധനങ്ങള്‍, അലക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു മുഴുവന്‍ സമയ വ്യക്തിയാണ് ഹോം മാനേജറെന്നും അമന്‍ പറയുന്നു. ഹോം മാനേജറെക്കുറിച്ചുള്ള എഴുത്തുകാരന്‍ സാഹില്‍ ബ്ലൂമിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് അമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ഷിത ശ്രീവാസ്തവ ഗ്രേലാബ്‌സിന്റെ സഹസ്ഥാപക കൂടിയാണ്. അതിനാല്‍ ഇരുവര്‍ക്കും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 'ഈ തീരുമാനം വളരെ നല്ലതായിരുന്നു. ഞങ്ങളെ ഒരുപാട് തലവേദനകളില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും രക്ഷിക്കുന്നു. ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഹോം മാനേജര്‍ വിദ്യാസമ്പന്നയാണ്. ഒരു ഹോട്ടല്‍ ശൃംഖലയില്‍ ഓപ്പറേഷന്‍സ് ഹെഡായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഞങ്ങള്‍ അവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ നല്‍കുന്നു. ഇത് ചെലവേറിയ ഒരു കാര്യമാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ സമയത്തിന് വില കല്‍പ്പിക്കുന്നു, പണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. അതിനാല്‍ നല്‍കുന്നു.'-അമന്‍ കുറിച്ചു.
'എന്റെ മാതാപിതാക്കള്‍ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. ഇരുവരും മുതിര്‍ന്ന പൗരന്മാരാണ്. അതിനാല്‍ അവരെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്. പാചകം, വൃത്തിയാക്കല്‍, പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, മെയിന്റനന്‍സ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ. ഈ ജോലി മറ്റൊരാളെ ഏല്‍പ്പിക്കാമെന്ന് ഞങ്ങള്‍ക്ക് തോന്നി'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലെ ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. പലരും ഇത്രയും പണം നല്‍കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ ഇതൊരു ശരിയായ തീരുമാനമാണെന്ന് ചിലര്‍ കമന്റ് ചെയ്തു.
Content Highlights: enterpreneur pays rs one lakh a month to an educated home manager