'എന്റേത് മാത്രം';പങ്കാളിയെ ചുംബിക്കുന്ന ചിത്രം പുറത്തുവിട്ട് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വയറ്റ് എപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രൊപ്പോസ് ചെയ്താണ് ഡാനിയേല ആദ്യം തലക്കെട്ട് സൃഷ്ടിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഡാനിയേലയുടെ ഈ പ്രൊപ്പോസല്‍. പിന്നീട് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുമായി ഡാനിയേല പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായി.
എന്നാല്‍ ഇതിനെല്ലാം വിരാമമിട്ട് തന്റെ വിവാഹനിശ്ചയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഡാനിയേല. പങ്കാളിയെ ചുംബിക്കുന്ന, മോതിരം ക്യാമറയിലേക്ക് നീട്ടിപ്പിടിച്ച ചിത്രമാണ് ഇംഗ്ലീഷ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'എന്റേത്..എന്നെന്നേക്കുമായി' എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പമുണ്ട്.
സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമായ ജോര്‍ജി ഹോഡ്ജാണ് ഡാനിയേലയുടെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മുതലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ലണ്ടനില്‍ താമസിക്കുന്ന ഡാനേയലയും ജോര്‍ജിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
31-കാരിയായ ഡാനിയേല ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2023-ലെ വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു ഡാനിയേല. വനിതാ പ്രീമിയര്‍ ലീഗില്‍ താരത്തെ ആരും ലേലത്തില്‍ എടുത്തിരുന്നില്ല. ഇതിന്റെ നിരാശ താരം പങ്കുവെച്ചിരുന്നു.
നേരത്തെ പങ്കാളി ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ച് ഇംഗ്ലണ്ടിന്റെ മുന്‍താരം സാറ ടെയ്‌ലറും രംഗത്തെത്തിയിരുന്നു. ഐവിഎഫ് വഴിയാണ് കുഞ്ഞുണ്ടാകുന്നതെന്നും താരം അറിയിച്ചു.
Content Highlights: England cricketer Danielle Wyatt gets engaged to sports agent girlfriend Georgie Hodge