ആദ്യം സമ്മതം മൂളിയില്ല, ഒന്നരവർഷത്തിന് ശേഷം മനസമ്മതം; ജീവിതസായാഹ്നത്തിൽ കൈകോർത്ത് തോമസും ലീലാമ്മയും

കടുത്തുരുത്തി: ജീവിതം ചിലപ്പോൾ യൗവനത്തിലല്ല, വാർധക്യത്തിലാണ് മനോഹരമായ കൂടിച്ചേരൽ സമ്മാനിക്കുന്നത്. ജീവിതംകൊണ്ട് അത് ശരിവെക്കുകയാണ് എഴുപത്താറുകാരൻ തോമസും എഴുപത്തിനാലുകാരി ലീലാമ്മയും. അവർ ഇനി ജീവിതവഴിയിൽ ഒരുമിച്ചുനടക്കും.
കല്ലറ കണ്ണാരത്തിൽ കെ.സി.തോമസ് എയർഫോഴ്‌സിലും പിന്നീട് കേരള പോലീസിലും സാങ്കേതികവിഭാഗം ഉദ്യോഗസ്ഥനായി ജോലിചെയ്ത് വിരമിച്ചതാണ്. ഭാര്യ 2020-ൽ മരിച്ചു. മകൻ അലക്സ് കുടുംബസമേതം ഓസ്ട്രേലിയയിലാണ്. നാട്ടിലുള്ള വിവാഹിതയായ മകൾ മേഴ്‌സിയാണ് തോമസിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്.
16 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട കടുത്തുരുത്തി വമ്മ്യാലിൽ ലീലാമ്മയും ഏറെനാളായി ഒറ്റയ്ക്കായിരുന്നു. മക്കളായ ജോമോനും ജെയ്മോനും ഇറ്റലിയിലാണ്. ഒന്നരവർഷം മുമ്പ് ഒരു സ്വകാര്യ ആരോഗ്യപരിപാലനകേന്ദ്രത്തിൽവെച്ചാണ് തോമസും ലീലാമ്മയും ആദ്യം കണ്ടത്. അടുപ്പം തോന്നിയ തോമസ്, ലീലാമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അന്ന് ലീലാമ്മ സമ്മതം മൂളിയില്ല.
ഒന്നരമാസംമുമ്പ് ഒരിക്കൽക്കൂടി തോമസ് ഫോണിൽ ക്ഷണം ആവർത്തിച്ചു. മക്കളോട് സംസാരിക്കട്ടെയെന്ന് മറുപടി. ഒടുവിൽ, ഇനി ഒറ്റപ്പെടൽ വേണ്ട, പരസ്പരം താങ്ങാകാമെന്ന് ഇരുവരും തീരുമാനവുമെടുത്തു. അവരുടെ ആഗ്രഹത്തിന് മക്കളും സ്നേഹപൂർവം പിന്തുണച്ചു.
തിങ്കളാഴ്ച വൈകീട്ട് കല്ലറ സെയ്ന്റ് മേരീസ് പുത്തൻപള്ളിയിൽ തോമസും ലീലാമ്മയും കൈകോർത്തു. ആഡംബരങ്ങളില്ലാതെ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തോമസിന്റെ ബന്ധുവായ ഫാ. അബ്രാഹം തറതട്ടേൽ വിവാഹം ആശീർവദിച്ചു. തോമസിന്റെ മകളും കുടുംബവും ഇടവക വികാരി ഫാ.തോമസ് കരിമ്പുംകാലായിലും സന്നിഹിതരായിരുന്നു. വീട്ടിൽ വിരുന്നുസത്കാരവും നടന്നു.
Content Highlights: Overcoming loneliness in their golden years, 76-year-old K.C. Thomas and 74-year-old Leelamma got married at St. Mary's Puthenpally in Kallara. Thomas, a retired Air Force and Kerala Police technical officer, and Leelamma, a widow for 16 years, decided to become each other's support system with the full blessings of their children settled abroad and locally.