'ഞങ്ങളെ പിൻവശത്തുനിന്ന് ചിത്രീകരിക്കരുത്'; പാപ്പരാസികളോട് നേഹാ ധുപിയ, പിന്തുണച്ച് സോനാക്ഷി | VIDEO

സിനിമാ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയും പങ്കുവെക്കുകയും ചെയ്യുന്നവരാണ് പാപ്പരാസികൾ. എന്നാൽ വനിതാ താരങ്ങളുടെ മോശം ആംഗിളിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിലൂടെ പലപ്പോഴും പാപ്പരാസികൾ വിമർശനവിധേയരാകാറുണ്ട്. ഇപ്പോഴിതാ താൻ ഉൾപ്പെടെയുള്ള നടിമാരുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന പാപ്പരാസികളോട് രൂക്ഷമായി പ്രതികരിക്കുകയാണ് നടി നേഹാ ധുപിയ. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഒരു അവാർഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. ചിത്രങ്ങൾ പകർത്തുകയായിരുന്ന പാപ്പരാസികളോട് താൻ ഉൾപ്പെടെയുള്ളവരുടെ പിൻഭാഗത്തുനിന്നുള്ള ചിത്രങ്ങൾ പകർത്തരുതെന്ന് മുന്നറിയിപ്പ് നൽകിയത്. രൂക്ഷമായാണ് താരം പ്രതികരിച്ചത്. നേഹ പ്രതികരിക്കുന്ന വീഡിയോയ്ക്ക് താഴെ കമന്റിട്ടുകൊണ്ട് നടി സോനാക്ഷി സിൻഹയും ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചു.
'ഇങ്ങനെ മോശം രീതിയിൽ പിന്നിൽ നിന്ന് ചിത്രമെടുക്കുന്നത് ആരാണ്? ഇങ്ങനെ ചെയ്യരുത്. എന്റെയെന്നല്ല, ആരുടേയും പിന്നിൽ നിന്ന് ചിത്രമെടുക്കരുത്. ഇക്കാര്യം പറഞ്ഞ് പറഞ്ഞ് ഞങ്ങൾ മടുത്തു. അതല്ല ഞങ്ങളുടെ ജോലി. ഞങ്ങൾ പുറത്തേക്ക് വരുമ്പോൾ നിങ്ങൾ എല്ലാവരും ഞങ്ങളോട് ഇത് ചെയ്യുന്നു.' -ഇതാണ് പാപ്പരാസികളുടെ നേരെ തിരിഞ്ഞ് നേഹ പറഞ്ഞത്. 'നന്നായി പറഞ്ഞു, നേഹാ' എന്നാണ് പിന്തുണയറിയിച്ചുകൊണ്ട് സോനാക്ഷി സിൻഹ കമന്റിട്ടത്.
നേരത്തേ ജാൻവി കപൂർ, പാലക് തിവാരി, സറീൻ ഖാൻ തുടങ്ങി ഒട്ടേറെ നടിമാർ തങ്ങളുടെ പിൻവശത്തേക്ക് ക്യാമറ സൂം ചെയ്യരുതെന്ന് പാപ്പരാസികളോട് പറഞ്ഞിരുന്നു. പിൻഭാഗത്തുനിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'ഇത് ആരാണെന്ന് പറയാമോ' എന്ന തരത്തിലുള്ള ക്യാപ്ഷനുകൾ ഇടുമെന്ന് ജാൻവി കപൂർ ഒരു അഭിമുഖത്തിൽ പാപ്പരാസികളെ കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ ചെയ്താലാണ് കൂടുതൽ ക്ലിക്കുകൾ ലഭിക്കുക. അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. എന്നാൽ ആ കാരണത്താൽ അവർ ചെയ്യുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും ജാൻവി പറഞ്ഞിരുന്നു.
Content Highlights: Actress Neha Dhupia lashed out at paparazzi for filming inappropriate back-angle videos of female celebrities at an award show. Sonakshi Sinha publicly supported her online stance, while instances involving Janhvi Kapoor were also recalled.