അശ്വിനെ അവഗണിച്ച ഇളയ സഹോദരിമാര്‍ അഹാനയെ കണ്ടുപഠിക്കണമെന്ന് വിമര്‍ശനം; മറുപടിയുമായി ദിയ കൃഷ്ണ

ദിയ കൃഷ്ണയും അശ്വിനും/ ദിയയുടെ ബ്രൈഡല്‍ ഷവറില്‍ നിന്ന് | Photo: instagram/ diya krishna
ദിയ കൃഷ്ണയും അശ്വിനും/ ദിയയുടെ ബ്രൈഡല്‍ ഷവറില്‍ നിന്ന് | Photo: instagram/ diya krishna

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ ബ്രൈഡല്‍ ഷവര്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ദിയയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തിലേക്ക് അപ്രതീക്ഷിതമായി പ്രതിശ്രുതവരന്‍ അശ്വിനുമെത്തിയിരുന്നു. ഇതിന്റെ വീഡിയോ ദിയ യൂട്യൂബില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

യൂട്യൂബില്‍ ട്രെന്‍ഡിങ്ങായ ഈ വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ദിയയുടെ ഇളയ സഹോദരമാരായ ഇഷാനിയുടേയും ഹന്‍സികയുടേയും അശ്വിനോടുള്ള പെരുമാറ്റത്തെ കുറിച്ചായിരുന്നു ഈ കമന്റുകള്‍. അഹാന കൃഷ്ണ ഒഴികെയുള്ള ദിയയുടെ സഹോദരിമാരൊന്നും അശ്വിനെ പരിഗണിച്ചില്ല എന്നും അശ്വിനോട് സംസാരിക്കാന്‍ താത്പര്യമില്ലാത്ത രീതിയില്‍ നിന്നുവെന്നുമാണ് ആളുകള്‍ കമന്റ് ചെയ്തത്.

'ഈ ഷോ മുഴുവന്‍ അഹാന കൊണ്ടുപോയി, സഹോദരിമാരോടുള്ള വാത്സല്യത്തോടൊപ്പം വരുന്നവരേയും വളരെ സന്തോഷത്തോടെ സ്വീകരിച്ചു, അവിടെ മറ്റു ചിലര്‍ മാനസികമായി ആഘോഷത്തില്‍ നിന്ന് മാറിനില്‍ക്കാനും സ്വന്തം വസ്ത്രധാരണത്തിലും അലങ്കാരങ്ങളിലും ശ്രദ്ധിച്ചപ്പോള്‍ അഹാന ഉത്തരവാദിത്വത്തോടെ പാര്‍ട്ടി നന്നായി നടത്തുന്നതിലാണ് ശ്രദ്ധിച്ചത്', 'അശ്വിന്‍ കേറി വന്ന് അവിടെ ഇരുന്നിട്ടുപോലും ഇഷാനി ഒരു വാക്ക് പോലും സംസാരിക്കുകയോ അശ്വിനെ കണ്ടഭാവം നടിക്കുകയോ ചെയ്തില്ല, ഇത്ര മര്യാദയില്ലാതെ പെരുമാറുന്ന ഒരാളെ കണ്ടിട്ടില്ല', 'അശ്വിന്‍ ഇത്രയധികം താഴ്മ കാണിക്കേണ്ട ആവശ്യമില്ല' എന്നിങ്ങനെ നീണ്ടുപോകുന്നതാണ് കമന്റുകള്‍. 

ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. അഹാനയും ഇഷാനിയുമാണ് ഈ പാര്‍ട്ടി സംഘടിപ്പിച്ചതെന്നും തന്റെ സഹോദരിമാര്‍ക്കെതിരെ നെഗറ്റീവ് കമന്റുമായി തന്റെ യൂട്യൂബ് ചാനലിലേക്ക് വരേണ്ടെന്നും ദിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

'ഇഷാനിയും അമ്മുവുമാണ് അക്ഷരാര്‍ഥത്തില്‍ ഈ പരിപാടി മുഴുവന്‍ സംഘടിപ്പിച്ച് അശ്വിനെ അവിടേക്ക് ക്ഷണിച്ചത്. ആരെങ്കിലും അവരെ കുറിച്ച് മോശമായി എന്തെങ്കിലും പറയാന്‍ എന്റെ ചാനലിലേക്ക് വരണ്ട. അത്തരത്തില്‍ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. വിഡ്ഢിത്തം കമന്റ് ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കൂ.'-ദിയ കുറിച്ചു. 

സെപ്റ്റംബറിലാണ് ദിയയുടേയും അശ്വിന്റേയും വിവാഹം. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. നേരത്തെ വിവാഹത്തിന് അവതരിപ്പിക്കാനുള്ള നൃത്തം പരിശീലിക്കുന്ന വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. അഹാനയും ഹന്‍സികയും ഇഷാനിയുമാണ് നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്നത്.
 

Content Highlights: diya krishnas bridal shower video responds