'ബേബി റാഠി സെപ്റ്റംബറില്‍ വരുന്നു'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ധ്രുവ് റാഠിയും ഭാര്യയും

ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തുന്ന സന്തോഷം പങ്കുവെച്ച് യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്റെ ഭാര്യ ജൂലി ലിബറാണ് ഈ സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നിറവയറുമായി നില്‍ക്കുന്ന ജൂലിയെ ചിത്രങ്ങളില്‍ കാണാം. ഇതിനൊപ്പം 'ബേബി റാഠി സെപ്റ്റംബറില്‍ വരുന്നു' എന്ന ക്യാപ്ഷനും ജൂലി നല്‍കിയിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. മാതാപിതാക്കളാകാന്‍ പോകുന്ന ധ്രുവിനേയും ജൂലിയേയും അഭിനന്ദിക്കുന്ന കമന്റുകളും ഇരുവരേയും പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.
'ആരുടെ കുഞ്ഞാണ്' എന്ന തരത്തിലാണ് പരിഹാസ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ എക്‌സില്‍ പങ്കുവെച്ചു.
ബിജെപിയുടെ വിമര്‍ശകനായ ധ്രുവിന്റെ ഭാര്യയെ ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. ധ്രുവിന്റെ യഥാര്‍ഥ പേര് ബദറുദ്ദീന്‍ റാഷിദ് ലഹേരി ആണെന്നും ഭാര്യ ജൂലി പാകിസ്താന്‍ സ്വദേശിയായ സുലേഖയാണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ഇരുവരും പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും പ്രചാരണങ്ങള്‍ വന്നു. ഇതിനെല്ലാം മറുപടിയുമായി ധ്രുവ് രംഗത്തെത്തുകയും ചെയ്തിരുന്നു. രണ്ടു കോടി 32 ലക്ഷം യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള ധ്രുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി പത്ത് ലക്ഷം ആളുകളാണ് പിന്തുടരുന്നത്.
ഹരിയാന സ്വദേശിയായ ധ്രുവ് നിലവില്‍ ജര്‍മനിയിലാണ് താമസിക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം 2021-ലാണ് ധ്രുവും ജൂലിയും വിവാഹിതരായത്. ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യന്‍ പരമ്പരാഗത ചടങ്ങുകളോടെയും വിവാഹം നടന്നു. വ്‌ളോഗറും യുട്യൂബറും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമാണ് ജൂലി. നാലര ലക്ഷത്തോളം ആളുകളാണ് ജൂലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
Content Highlights: dhruv rathee and wife juli announce they are expecting first child