'നായികയ്ക്ക് ചെറിയൊരു വിശേഷമുണ്ട്; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ദേവികയും വിജയിയും

വീണ്ടും മാതാപിതാക്കളാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സീരിയല്‍ താരവും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനായ വിജയ് മാധവും. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വിജയ് മാധവാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 'നായികയ്ക്ക് ചെറിയൊരു വിശേഷമുണ്ട്' എന്ന ക്യാപ്ഷനോടെ ദേവികയ്ക്കൊപ്പമുള്ള വീഡിയോയാണ് വിജയ് പോസ്റ്റ് ചെയ്തത്.
37-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത, തനിക്ക് കിട്ടിയതില്‍വെച്ച് ഏറ്റവും മികച്ച സമ്മാനമാണ് ഇതെന്നും വീഡിയോയില്‍ വിജയ് മാധവ് പറയുന്നു. ദേവിക ഒരു മാസം ഗര്‍ഭിണിയാണെന്നും എല്ലാവരുടേയും പ്രാര്‍ഥന കൂടെ വേണമെന്നും വിജയ് മാധവ് കൂട്ടിച്ചേര്‍ത്തു. 'ഇനി ചിലപ്പോള്‍ വ്ളോഗ് കാണില്ല. എന്റേയും ആത്മജയുടേയും എല്ലാകാര്യങ്ങളും നോക്കുന്നത് ഇപ്പോള്‍ മാഷാണ്.'-വീഡിയോയില്‍ ദേവിക പറയുന്നു.
2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. പെണ്‍കുട്ടികളുടെ പേര് ആണ്‍കുട്ടിക്ക് നല്കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ പേരിടല്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആത്മാവില്‍ നിന്നും ജനിച്ചത് എന്നാണ് ആത്മജ എന്ന പേരിന് അര്‍ഥമെന്ന് വ്യക്തമാക്കി ഇരുവരും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: devika nambiar and vijay madhav to embrace parenthood again