'ഹണിമൂണിനിടെ പുറംവേദനയുടെ കാര്യം മറക്കരുത്, ലോകകപ്പില്‍ കളിക്കേണ്ടതാണ്'; ചാഹറിനെ ട്രോളി സഹോദരി

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ദീപക് ചാഹറിന്റെ ലൗ സ്റ്റോറി സംഭവബഹുലമായിരുന്നു. കാമുകിയായിരുന്ന ജയ ഭരദ്വാജിനെ ഒരു ഐപിഎല്‍ മത്സരത്തിനിടേയാണ് ചാഹര്‍ പ്രൊപ്പോസ് ചെയ്തത്. വിഐപി സ്റ്റാന്റില്‍ ഇരുന്ന് കളി കാണുകയായിരുന്നു ജയ. ആ സമയത്ത് പിന്നിലൂടെ വന്ന് ചാഹര്‍ അപ്രതീക്ഷിതമായി പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
ഇതിന്റെ വീഡിയോ എംഎസ് ധോനിയുടെ ഭാര്യ സാക്ഷി ധോനിയടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ധോനിയും സാക്ഷിയുമായിരുന്നു ഈ സര്‍പ്രൈസ് പ്രൊപ്പോസലിന് പിന്നില്‍. പിന്നീട് ഇരുവരുടേയും പ്രണയം കൂടുതല്‍ കരുത്താര്‍ജിച്ചു. കഴിഞ്ഞ ജൂണ്‍ ഒന്നിന് ഇരുവരുടേയും വിവാഹവും കഴിഞ്ഞു.
ഇതിന് പിന്നാലെ ചാഹറിനെ ട്രോളി സഹോദരി മാലതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുകയാണ്. ചാഹറിനേയും ജയയേയും അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് മാലതിയുടെ കുസൃതി. അഭിനന്ദനത്തിനൊപ്പം ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ട് മാലതി ഒരു ഓര്‍മപ്പെടുത്തലും നടത്തി. ഇതാണ് വൈറലായത്.
ദീപകിനും ജയക്കുമൊപ്പം നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പം മാലതി കുറിച്ചത് ഇങ്ങനെയാണ്. 'രണ്ടു പേര്‍ക്കും മനോഹരമായ വിവാഹ ജീവിതം ആശംസിക്കുന്നു. മധുവിധുവിനിടെ പുറംവേദനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്.'
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ചാഹറിന് നഷ്ടപ്പെട്ടിരുന്നു. 14 കോടി രൂപ മുടക്കിയാണ് ചെന്നൈ താരത്തെ ടീമിലെടുത്തത്. എന്നാല്‍ പുറത്തേറ്റ പരിക്കിനെ തുടര്‍ന്ന് ചാഹറിന് കളത്തിലിറങ്ങാനായില്ല.
Content Highlights: deepak chahar gets cheeky advice by sister malti chahar on wedding honeymoon