സ്വീകരണ മുറിയിൽ കല്യാണം, സാക്ഷികളായി കുട്ടികൾ; റൊണാൾഡോയുടേയും ജോർജീനയുടേയും വിവാഹ വീഡിയോ പുറത്ത്

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജോര്‍ജിന റോഡ്രിഗസിന്റെയും വിവാഹ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | Photo: Screengrab/voguemagazine(Instagram Page)
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജോര്‍ജിന റോഡ്രിഗസിന്റെയും വിവാഹ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | Photo: Screengrab/voguemagazine(Instagram Page)

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജോർജിന റോഡ്രിഗസിന്റെയും വിവാഹ വീഡിയോ പുറത്ത്. പോർച്ചുഗലിലെ കാസ്‌കൈസിലുള്ള വസതിയിൽ, ലിവിങ് റൂമിൽ വച്ച് ആഡംബരങ്ങളൊന്നുമില്ലാതെ, കുട്ടികളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹം. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ജോർജിനയും റൊണാൾഡോയും പങ്കുവെച്ചിട്ടുണ്ട്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

വലിയ കൊട്ടാരത്തിൽ ഡയമണ്ടുകൾ നിറഞ്ഞ കിരീടം ധരിച്ച്, നീളമേറിയ വിവാഹവസ്ത്രമണിഞ്ഞുള്ള ഒരു വിവാഹം കുട്ടിക്കാലത്ത് ഞാൻ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ, എനിക്കിപ്പോൾ വീട്ടിൽവെച്ച് പങ്കാളിക്കും കുട്ടികൾക്കുമൊപ്പമുള്ള ലളിതമായ ചടങ്ങാണ് വിവാഹമെന്ന സ്വപ്‌നം. വലിയ വീടുകളും കാറുകളും ദ്വീപുകളുമൊക്കെ എന്നും നമുക്ക് മുന്നിലുണ്ട്. എന്നാൽ പ്രിയപ്പെട്ടവർ മാത്രമുള്ള തികച്ചും സ്വകാര്യമായ അന്തരീക്ഷം ലഭിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അപൂർവമാണ്. അതിനാൽ തന്നെയാണ് മക്കൾക്കൊപ്പം ലളിതമായൊരു ചടങ്ങ് തിരഞ്ഞെടുത്തത്,' ' വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് ജോർജിന റോഡ്രിഗസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. മാഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയതിന്റെ 10-ാം വാർഷികമായ ഓഗസ്റ്റ് 11നാണ് ഇരുവരും വിവാഹിതരായത്. 10 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11 ന് റോഡ്രിഗസ് ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിവാഹം നടന്നത്. മക്കൾക്ക് തന്നെയാണ് ഈ വിവാഹച്ചടങ്ങിൽ മുൻഗണന നൽകിയതെന്നും തങ്ങളുടെ സമയം അവർക്ക് കൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്താനാണ് ആഗ്രഹിച്ചതെന്നും ഇരുവരും പറഞ്ഞു.

2016-ൽ മാഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ വെച്ചാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കാണുന്നത്. അവിടെ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജോർജിന. പ്രണയത്തിന് തുടക്കമിട്ട ആ നിമിഷത്തെ സ്മരിച്ചുകൊണ്ട് വിവാഹ വസ്ത്രങ്ങൾക്കായി ഇരുവരും ഗുച്ചിയുടെ ഡിസൈനുകൾ തന്നെയാണ് തിരഞ്ഞെടുത്തത്. വെള്ള സ്‌കർട്ട് സ്യൂട്ടിൽ ജോർജിന തിളങ്ങിയപ്പോൾ കോട്ടൺ സ്യൂട്ടായിരുന്നു റൊണാൾഡോയുടെ വേഷം. വജ്രാഭരണങ്ങളും ജോർജീന ഒഴിവാക്കിയിട്ടില്ല. ഓവൽ കട്ട് ഡയമണ്ട് എൻഗേജ്മെന്റ് മോതിരത്തിനോട് മാച്ച് ചെയ്യുന്ന മനോഹരമായ ഒരു നെക്ക്‌ലേസും അവർ ധരിച്ചിട്ടുണ്ട്. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് റൊണാൾഡോയും ജോർജിനയും വിവാഹിതരാകുന്നത്. മുൻപ് സോഷ്യൽ മീഡിയയിലൂടെ വിവാഹ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് തങ്ങൾ വിവാഹിതരായ വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. വരുംദിവസങ്ങളിൽ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി വലിയൊരു ആഘോഷച്ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും സൂചിപ്പിച്ചു.

വിവാഹത്തിനായി ഒരുങ്ങുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും കുട്ടികളെ ഒരുക്കുന്നതിന്റെയും വിവാഹിതരാകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിൽ കാണാനാകുക. വിവാഹചടങ്ങിനായി സ്വീകരണമുറി തിരഞ്ഞെടുത്തതിനെ കുറിച്ചും ജൊർജീന വോഗിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.'ഞങ്ങൾ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്ന, ഞങ്ങളുടെ ജീവിതത്തിന്റെ യാഥാർത്ഥ്യം ജീവിച്ചുതീർക്കുന്ന ഇടം. ഞങ്ങളുടെ മാതാപിതാക്കളുടെ വിവാഹ പ്രതിജ്ഞകൾ നടന്നത് ഈ മേശയ്ക്ക് ചുറ്റിലുമാണ്, എന്തൊരു അത്ഭുതകരമായ കാര്യമായിരുന്നു അതെന്ന് 30 വർഷങ്ങൾക്ക് ശേഷം കുട്ടികൾ ചിന്തിക്കണമെന്നും ഞാനാഗ്രഹിക്കുന്നു.'

Content Highlights: Cristiano Ronaldo and Georgina Rodriguez got married in a private ceremony at their Cascais home in Portugal., The wedding took place on August 11, exactly one year after their engagement announcement in 2025., The couple chose to have a simple ceremony in their living room with their children and close relatives., They chose Gucci designs for their wedding outfits to commemorate where they first met in Madrid in 2016.