ഗോവയിൽ ഒറ്റയ്ക്ക് ജീവിക്കാൻ മാസം എത്ര ചെലവാകും? 82,000 രൂപ മതിയെന്ന് യുവതി, ചെലവുകൾ ഇങ്ങനെ

ഗോവയിൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള ഒരു മാസത്തെ ചെലവുകൾ പങ്കുവെച്ച് യുവതി. സോഫ്റ്റ്‌വെയർ എൻജിനീയറായ മധുശ്രീ ജോഷിയാണ് തന്റെ ചെലവുകൾ വിശദീകരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തനിക്ക് ഗോവയിൽ ഒറ്റയ്ക്ക് ജീവിക്കാൻ ഒരുമാസം 82,000 രൂപയാണ് ചെലവെന്ന് യുവതി പറയുന്നു. വീഡിയോ ഇതിനകം വൈറലായി.
വീട്ടുവാടകയായി മാസം 26,000 രൂപയാണ് തനിക്ക് ചെലവെന്ന് മധുശ്രീ പറയുന്നു. 25,000 രൂപ ഇഎംഐ ഇനത്തിൽ പോകും. ഇത് രണ്ടുമാണ് ഏറ്റവും വലിയ രണ്ട് ചെലവുകൾ. ഭക്ഷണസാധനങ്ങളും ഗ്രോസറിയും വാങ്ങാനായി 7,000 രൂപ. പെട്രോളിന് 3,000. വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കെല്ലാമായി 5,000 മുതൽ 6,000 വരെ രൂപയോളം ചെലവാകും. ജിമ്മിൽ 1,000 രൂപയും യാത്ര, മേക്കപ്പ് തുടങ്ങിയവയ്‌ക്കെല്ലാമായി 15,000 രൂപയുമാണ് ചെലവാക്കുക. ഇതെല്ലാം കൂടെ ആകെ 82,000 രൂപ വരുമെന്നും മധുശ്രീ പറയുന്നു.
അതേസമയം തന്റെ ജീവിതശൈലിക്ക് പുറത്തുനിന്നുള്ള പിന്തുണ ലഭിക്കാറുണ്ടെന്നും യുവതി പറയുന്നു. സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ കൂടിയായതിനാൽ മേക്കപ്പ്, സ്‌കിൻ കെയർ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ ബ്രാൻഡുകൾ തന്നെ സമീപിക്കും. അതുപോലെ പ്രൊമോഷന്റെ ഭാഗമായി റെസ്റ്ററന്റുകളും സമീപിക്കാറുണ്ടെന്നും മധുശ്രീ ജോഷി പറഞ്ഞു.
മധുശ്രീയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഗോവയിലെ ജീവിതം ചെലവ് കൂടിയതാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. വാടകയും ജീവിതശൈലിയും പ്രതിമാസ ചെലവിനെ ഗണ്യമായി സ്വാധീനിക്കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. മധുശ്രീയുടെ മാസശമ്പളം എത്രയാണെന്ന് അറിയാനുള്ള ആകാംക്ഷ പങ്കുവെച്ചവരും അനവധിയാണ്.
Content Highlights: Madhushree Joshi, a software engineer and social media influencer, recently shared a detailed breakdown of her monthly expenses while living alone in Goa. Totaling approximately ₹82,000, her budget includes high costs for rent and EMIs, leading to a viral discussion about the affordability of living in popular tourist destinations.