'11 വര്‍ഷത്തെ വിവാഹജീവിതത്തിന് വിരാമം'; ജി.വി പ്രകാശ് കുമാറും സൈന്ധവിയും വേര്‍പിരിയുന്നു

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'നീണ്ട ആലോചനയ്ക്കുശേഷം 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി.വി പ്രകാശും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, ഞങ്ങള്‍ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. വേര്‍പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍തന്നെ ഇത് ഞങ്ങള്‍ക്ക് പരസ്പരം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങള്‍ നല്‍കിയ പിന്തുണ ഏറെ വലുതാണ്.' സൈന്ധവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതേ കുറിപ്പ് ജി.വി പ്രകാശും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
Content Highlights: composer actor gv prakash kumar singer wife saindhavi announce separation